സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം ഗൗരിയമ്മയുടെ ജീവചരിത്രം കൂടിയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞുവെന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നഷ്ടമാകുന്നത്. ചെറുത്തുനില്‍പ്പിന്‍റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകള്‍ പോലും മലയാളത്തില്‍ അവരെക്കുറിച്ചുണ്ടായി.അത്യപൂര്‍വം സ്ത്രീകള്‍ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കില്‍ ഔദ്യോഗിക തലത്തില്‍ തിളക്കമാര്‍ന്ന തലങ്ങളിലേക്കു വളര്‍ന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്ബന്നവുമാക്കാമായിരുന്നു. ആ വഴിയല്ല, തന്‍റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ത്യാഗപൂര്‍വമായി ജീവിച്ചു.ഒന്നാം കേരള മന്ത്രിസഭയില്‍ തന്നെ അംഗമായി അവര്‍. കേരള കാര്‍ഷിക പരിഷ്കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്‍റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലില്‍ ശ്രദ്ധേയമായ പങ്കാണവര്‍ വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാര്‍ മന്ത്രിസഭകളിലും അവര്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.അസാമാന്യ ദൈര്‍ഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള നിയമസഭകളിലും അവര്‍ അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്കാരങ്ങള്‍ വരുത്താനും തനതായ പദ്ധതികള്‍ ആവിഷ്കരിക്കാനും അവര്‍ ശ്രദ്ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗൗരിയമ്മയുടെ നിര്യാണവാര്‍ത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നും കേരളവും അങ്ങനെതന്നെയാവുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.കെ.ആര്‍ ഗൗരിയമ്മ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളധീരന്‍ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ ധീരയായ നേതാവാ കെ.ആര്‍ ഗൗരിയമ്മ നിര്യാണത്തോടെ ആധുനിക കേരളചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് അവസാനിക്കുന്നത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന് നേരിട്ട കടുത്ത അനീതിയിലും പതറാതെ നിന്ന ഗൗരിയമ്മ പെണ്‍കരുത്തിന്‍്റെ പ്രതീകമാണെന്നും മുരളീധരന്‍ പറഞ്ഞു.ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളില്‍ ഒരാളെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘന്‍ അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്‌ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തില്‍ വിപ്ലവാത്മകമായ ചിന്തകള്‍ക്കും ഇടപെടലുകള്‍ക്കും തുടക്കമിട്ട നേതാക്കളിലൊരാളായാ ഗൗരിയമ്മ ചരിത്ര മുന്നേറ്റങ്ങള്‍ക്ക് കാരണമായ നിയമ നിര്‍മാണങ്ങള്‍ക്ക് ചാലക ശക്തിയായ നേതാവാണ്. ജീവിതകാലം മുഴുവന്‍ നാടിനും ജനങ്ങള്‍ക്കുമായി ആവിശ്രമം പ്രവര്‍ത്തിച്ച ഗൗരിയമ്മ ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രമാണെന്നും വിജയരാഘന്‍ പറഞ്ഞു.കെആര്‍ ഗൗരിയമ്മയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിനും സമൂഹിക പരിഷ്ക്കരണങ്ങള്‍ക്കും ഗൗരിയമ്മ നല്‍കിയ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തില്‍ കനല്‍ വഴികള്‍ താണ്ടി ജനമസ് കീഴടക്കിയ നേതാവാണ് ഗൗരിയമ്മയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു. കേരളത്തിലെ ഏറ്റവും കഴിവുറ്റ വനിതാ നേതാക്കളില്‍ പ്രഗത്ഭ.ഗൗരിയമ്മയുടെ പോരാട്ടവീര്യം ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച്‌ നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ് തിരശീല വീണത്.ഗൗരിയമ്മയുടെ വിയോഗം കേരള രാഷ്ട്രീയത്തിനു നികത്താന്‍ കഴിയാത്ത വിടവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment