എപ്പോഴും മാസ്ക് വച്ചു നടക്കേണ്ട ഒരു സ്ഥലത്തെപ്പറ്റി അറിയുമോ? വെറും മാസ്ക് അല്ല

വളരെയേറെ ബുദ്ധിമുട്ടുള്ള സങ്കീര്‍ണമായ ഗാസ് മാസ്ക്. അങ്ങനെയൊരു സ്ഥലം ഭൂമിയിലുണ്ട്. ജപ്പാനിലെ മിയാകെ-ജിമ.ഈ ദ്വീപിലേക്കു നിങ്ങള്‍ എത്തിയാല്‍ പെട്ടെന്നൊന്നു പേടിക്കാന്‍ സാധ്യതയുണ്ട്. അല്‍പം പേടിപ്പെടുത്തുന്ന ഡിസൈനുള്ള ഗാസ്മാസ്കുകളുമായി ആളുകള്‍ നിങ്ങള്‍ക്കു നേരെ വരുന്നതാകും കാണുക.ചില ഹൊറര്‍, സോംബി, സര്‍വനാശ ഹോളിവു‍ഡ് ചിത്രങ്ങളിലെ സീനുകളാകും നിങ്ങള്‍ക്ക് ഓര്‍മ വരുക. മിയാക ജിമയില്‍ ആരും മുഖം കാട്ടാറില്ല. കാട്ടിയാല്‍ ഗുരുതര പ്രത്യാഘാതങ്ങളുറപ്പ്. എന്തു കൊണ്ടാണ് ഇങ്ങനെയെല്ലാം?ജപ്പാനിലെ ഹോന്‍ഷു ദ്വീപിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപാണു മിയാകെ ജിമ. പസിഫിക് സമുദ്രത്തിലെ ഡെവിള്‍സ് സീ എന്നറിയപ്പെടുന്ന കടല്‍പ്രദേശത്ത്. വെറും 55 ചതുരശ്ര കിലോമീറ്ററാണു ആകെ വിസ്തീര്‍ണം, നമ്മുടെ ആലപ്പുഴ പട്ടണത്തേക്കാള്‍ അല്‍പം കൂടുതല്‍.ജാപ്പനീസ് തലസ്ഥാനം ടോക്യോയ്ക്കു 180 കിലോമീറ്റര്‍ അകലെ മാറിയുള്ള മിയാകെ ജിമ ലോകത്തു ജീവിക്കാന്‍ ഏറ്റവും ദുര്‍ഘടമായ സ്ഥലമാണ്. എങ്കിലും ഇവിടെ 2884 പേര്‍ ജീവിക്കുന്നു.അഗ്നിപര്‍വത മേഖലയായ ഇസു ദ്വീപുകളുടെ ഭാഗമാണ് മിയാകെ ജിമ. ഇവിടത്തെ അഗ്നിപര്‍വതങ്ങളില്‍ പ്രധാനം ദ്വീപിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് ഒയാമ എന്ന സജീവ അഗ്നിപര്‍വതമാണ്.2000 ല്‍, മൗണ്ട് ഒയാമ എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ഒരു വര്‍ഷത്തിനിടെ ഉണ്ടായ പതിനേഴായിരത്തിലധികം ഭൂചലനങ്ങളുടെ സമ്മര്‍ദ്ദം മൂലമായിരുന്നു ആ വന്‍ പൊട്ടിത്തെറി.ഇതിന്റെ ഫലമായി സള്‍ഫര്‍ ഉള്‍പ്പെടെ വിഷവാതകങ്ങള്‍ ദ്വീപിലെ അന്തരീക്ഷമാകെ നിറഞ്ഞു. സ്ഫോടനം നടന്ന് ആദ്യനാളുകളില്‍ ഇങ്ങോട്ടേക്കുള്ള വിമാനസര്‍വീസുകള്‍ വരെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.അപകടം നടന്നതിനെ തുടര്‍ന്നു ദ്വീപിലെ അന്തേവാസികളെയെല്ലാം ജപ്പാന്‍ ഒഴിപ്പിച്ചു. എന്നാല്‍ ഇവരി‍ല്‍ നല്ലൊരു വിഭാഗത്തിനു ദ്വീപിലേക്കു തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹം.വിഷവാതക ഭീഷണിയും കടുത്ത സാഹചര്യങ്ങളുമുണ്ടായിട്ടും ജന്മനാടിനോടുള്ള സ്നേഹത്താല്‍ 2006ല്‍ ഇവര്‍ തിരികെയെത്തി.ഇന്നും ഒയാമ പര്‍വതത്തില്‍ നിന്നും രാസവാതകങ്ങള്‍ വമിക്കുന്നുണ്ട്. അന്തരീക്ഷം വിഷമയമാണ്. എന്നാല്‍ മിയാക ജിമയിലെ ആളുകള്‍ ഇതിനെ നേരിടാനും ഇതിനൊപ്പം ജീവിക്കാനും പഠിച്ചിരിക്കുന്നു.ഇവിടെയും റെസ്റ്ററന്റുകളും കല്യാണപ്പാര്‍ട്ടികളും നീന്തല്‍ക്കുളങ്ങളും ബീച്ച്‌ സഞ്ചാരികളുമൊക്കെയുണ്ട്. പക്ഷേ എല്ലാവരും കൃത്യമായി ഗാസ് മാസ്ക് ധരിക്കുന്നു. അല്ലാതെ ഇറങ്ങിയാല്‍ വലിയ അപകടമാണ്.കാര്യം പേടിപ്പിക്കാനുള്ള സംഗതികളൊക്കെയുണ്ടെങ്കിലും മിയാകെ ജിമ ഇന്നു ജപ്പാനിലെ ഒരു ടൂറിസ്റ്റ് ഹോട്സ്പോട്ടാണ്. ഒട്ടേറെ പേര്‍ ഇവിടെ വിനോദസഞ്ചാരത്തിനായി എത്തുന്നുണ്ട്.ടോക്യോയില്‍ നിന്നു ബോട്ടോ ഹെലിക്കോപ്റ്ററോ ഉപയോഗിച്ചാണു സാധാരണ ഇവിടെ ആളുകള്‍ വരുന്നത് സഞ്ചാരികള്‍ക്കു ദ്വീപിലെത്തിയ ശേഷം ഗാസ് മാസ്കുകള്‍ കടകളില്‍ നിന്നു വാങ്ങിക്കാം. ഇവിടത്തെ എല്ലാ കടകളിലും ഗാസ് മാസ്കുകള്‍ വാങ്ങാന്‍ കിട്ടും.

Comments (0)
Add Comment