യൂറോ കപ്പില്‍ ഹോളണ്ടിന്‍്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി ലൈറ്റ്

ഇന്നലെ പൂര്‍ത്തിയായ മത്സരത്തില്‍ ഹോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് അവര്‍ക്ക് ടൂര്‍ണമെന്‍്റിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച്‌ വന്ന ഹോളണ്ടിനെതിരായി മത്സരത്തിന്റെ ഗതി മാറിയത് അവരുടെ പ്രതിരോധ നിരയിലെ വിശ്വസ്തനായ താരത്തിന് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെയായിരുന്നു. ബോക്‌സിനു തൊട്ടു പുറത്തു വെച്ച്‌ പന്ത് കൈകൊണ്ടു തടഞ്ഞതിനാണ് ഡി ലൈറ്റ് ചുവപ്പുകാര്‍ഡ് കണ്ടത്. ആദ്യം റഫറി മഞ്ഞക്കാര്‍ഡ് ആണ് ഉയര്‍ത്തിയതെങ്കിലും പിന്നീട് വാര്‍ പരിശോധനക്ക് ശേഷം തീരുമാനം മാറ്റി ചുവപ്പുകാര്‍ഡ് നല്‍കുകയായിരുന്നു. മത്സരത്തില്‍ അതുവരെ കളി നിയന്ത്രണത്തില്‍ വച്ചിരുന്ന ഹോളണ്ടിന് ഈ തീരുമാനം വലിയ തിരിച്ചടിയാണ് നല്‍കിയത്. അതുവരെ തുടര്‍ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഡച്ച്‌ നിരക്ക് പിന്നീട് അവരുടെ താളം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പത്ത് പേരുമായി ചുരുങ്ങിയ എതിര്‍ ടീമിന്‍്റെ ദൗര്‍ബല്യം ചെക്ക് ശെരിക്കും മുതലെടുക്കുന്നതാണ് കണ്ടത്. മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്ത അവര്‍ ഹോള്‍സ്, ഷിക്ക് എന്നിവര്‍ നേടിയ ഗോളിലൂടെയാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തിനു ശേഷം നല്‍കിയ ഒരു അഭിമുഖത്തിലാണ് ഡച്ച്‌ താരം തന്‍്റെ ടീമിന്‍്റെ തോള്‍വിയിലുള്ള നിരാശ പങ്കുവെച്ച്‌ കൊണ്ട് തന്‍്റെ പിഴവാണ് ടീമിന്‍്റെ തോല്‍വിക്ക് കാരണമായതെന്ന് പറഞ്ഞത്.”എനിക്ക് വളരെയധികം നിരാശ തോന്നുന്നുണ്ട്. മത്സരത്തില്‍ ഞാന്‍ വരുത്തിയ പിഴവാണ് തോല്‍വിക്ക് കാരണമായത്. ഞങ്ങള്‍ക്കായിരുന്നു കളിയുടെ നിയന്ത്രണമെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് ഏതാനും അവസരങ്ങള്‍ ലഭിച്ചിരുന്നു. അവര്‍ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചു എന്ന് ഞാന്‍ കരുതുന്നില്ല. ചുവപ്പുകാര്‍ഡ് ലഭിച്ചത് കളിയുടെ ഗതി തന്നെ മാറ്റി.” ഡി ലൈറ്റ് വ്യക്തമാക്കി.മത്സരത്തില്‍ ഹോളണ്ട് താരമായ മലെന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കളിയില്‍ മുന്നിലെത്താന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കിയതിന് പിന്നാലെയാണ് ഡി ലൈറ്റിന് ചുവപ്പുകാര്‍ഡ് ലഭിക്കുന്നത്. മത്സരത്തില്‍ അതുവരെ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരുന്നത്. പ്രതിരോധ നിരയിലെ മികച്ച ഒരു താരത്തിനെ നഷ്ടമായതോടെ ഡച്ച്‌ നിര പ്രതിരോധത്തില്‍ ആവുകയായിരുന്നു.അതേസമയം, മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയാതിരുന്നതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്ന് പരിശീലകന്‍ ഫ്രാങ്ക് ഡി ബോറും പറഞ്ഞു. “ഒരു ഗോളിന് മുന്നിലെത്താന്‍ ഞങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് കാര്യങ്ങള്‍ എല്ലാം കീഴ്‌മേലായി മറിഞ്ഞത്. ഞങ്ങളുടെ പ്രകടനം മോശമല്ലായിരുന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിഞ്ഞില്ലെന്നത് ടീമിന് തിരിച്ചടിയായി.” അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment