ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ നാളെയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരില്‍ അറിയപ്പെടുന്ന ബലി പെരുന്നാള്‍. ഈദുല്‍ അദ്‌ഹ എന്നാണ് അറബിയില്‍ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കര്‍മ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലി പെരുന്നാള്‍.

എന്നാണ് ബലി പെരുന്നാള്‍ മുസ്ലിംകള്‍ക്കിടയില്‍ എല്ലാ വര്‍ഷവും ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളില്‍ ഒന്നായ ബലി പെരുന്നാള്‍ ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷം ജൂലൈ 21 നാണ് ദുല്‍ഹജ്ജ് പത്ത്. സാധാരണ ഗതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമെല്ലാം ഒരേ ദിവസമാണ് ബലി പെരുന്നാള്‍. അതേ സമയം ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 20 നാണ് ബക്രീദ് ആഘോഷിച്ചത്. ചെറിയ പെരുന്നാള്‍ ശവ്വാല്‍ മാസത്തിലെ ആദ്യത്തെ ദിവസമാണ് ആചരിക്കുക.

ബലി പെരുന്നാള്‍ : ചരിത്രം
മുസ്ലിംകളുടെ വിശ്വാസം അനുസരിച്ച്‌ അല്ലാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാന്‍ വേണ്ടി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ മകന്‍ ഇസ്മായിലിനെ ബലിയറുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ദൈവ വിശ്വാസിയായ ഇബ്രാഹീം നബി സ്വന്തം മകനെ അറുക്കാന്‍ സന്നദ്ധത കാണിച്ചു മുന്നോട്ടുവന്നു. പ്രവാചകന്റെ ഭക്തിയില്‍ ദൈവം പ്രീതിപ്പെടുകയും തുടര്‍ന്ന് ദൈവം തന്റെ ദൂതനായ ജിബ്രീലിനെ ഇബ്രാഹീമിന്റെ അടുത്തേക്ക് അയക്കുകയും ചെയ്യുകയായിരുന്നു. മകനെ അറുക്കാന്‍ തയ്യാറായ ഇബ്രാഹീമിന് ജിബ്രീല്‍ അറുക്കാന്‍ പകരം ഒരു ആടിനെ നല്‍കുകയുമായിരുന്നു. ഈ സംഭവത്തിന്റെ സ്മരണ പുതുക്കാന്‍ വേണ്ടിയാണ് വിശ്വാസികള്‍ എല്ലാ വര്‍ഷവും പെരുന്നാളിന് ബലി അര്‍പ്പിക്കുന്നത്.

ബക്രീദ് ആഘോഷങ്ങള്‍ എങ്ങനെ
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ബക്രീദ്. ഈ ശുഭദിനത്തില്‍, ലോകമെമ്ബാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്‌കാരത്തിനായി പോവുന്നു. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്. ഈ ദിവസം ബലി കഴി‍ച്ച മൃഗങ്ങളുടെ ഇറച്ചി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യുന്നു.
മുസ്ലിംകള്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും, സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ തയ്യാറാക്കുകയും ഗൃഹ സന്ദര്‍ശനം നടത്തുകയും ചെയ്യും. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളാണ് ഇത്തവണയും നടത്തപ്പെടുക.

ഹജ്ജ്
ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട കര്‍മ്മങ്ങളില്‍ ഒന്നായ ഹജ്ജ് ചെയ്യാനായി വിശ്വാസികള്‍ സൗദി അറേബ്യയിലെ മക്കയിലേക്ക് യാത്ര ചെയ്യുന്നു. ജീവിതത്തില്‍ ഒരിക്കല്‍ എല്ലാ വിശ്വാസികളും ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് മതം അനുശാസിക്കുന്നു. മക്കയില്‍ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, മകന്‍ ഇസ്മാഇല്‍ എന്നിവരുടെ ഓര്‍മകളുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങള്‍.

Comments (0)
Add Comment