അഞ്ചാമത്തെ കിരീട പോരാട്ടത്തിന് ഇറങ്ങുമ്ബോള്‍ അര്‍ജന്റീന ആരാധകര്‍ വലിയ ടെന്‍ഷനിലായിരുന്നു. ഒടുവില്‍ മെസിയും കൂട്ടരും അത് സാധ്യമാക്കി. ഫൈനല്‍ തോല്‍വി ചരിത്രം ആവര്‍ത്തിച്ചില്ല.അര്‍ജന്റീനയ്ക്ക് വേണ്ടി മെസി നേരത്തെ നാല് ഫൈനല്‍ കളിച്ചിരുന്നു. മൂന്ന് കോപ്പ അമേരിക്ക ഫൈനലും ഒരു ലോകകപ്പ് ഫൈനലും. നാലിലും തോല്‍വി വഴങ്ങി. ഇതില്‍ 2014 ലോകകപ്പ് ഫൈനലിലേക്കും 2016 കോപ്പ അമേരിക്ക ഫൈനലിലേക്കും ടീമിനെ മുന്നില്‍ നിന്നു നയിച്ചത് മെസിയാണ്. പലപ്പോഴും മെസിയുടെ ഒറ്റയാള്‍ പ്രകടനത്തിലേറിയാണ് അര്‍ജന്റീന കുതിച്ചത്. എന്നാല്‍, ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ അത് മാറ്റിയെഴുതി. അതുകൊണ്ട് തന്നെയാണ് കിരീടം ഏറ്റുവാങ്ങിയപ്പോള്‍ മെസി അത്രമേല്‍ വികാരം കൊണ്ടത്.ഒരു കുഞ്ഞിനെ തലോലിക്കും പോലെയാണ് നായകന്‍ മെസി കിരീടം ഏറ്റുവാങ്ങിയത്. കിരീടവുമായി ടീമിനടുത്തേക്ക് എത്തിയതും ഒരു കുസൃതിക്കാരനായ കുട്ടിയെ പോലെ.