ഓഡിറ്റോറിയങ്ങൾ തുറക്കാൻ അനുമതി വേണം; സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി

ഓഡിറ്റോറിയങ്ങൾ തുറക്കാൻ അനുമതി വേണം; സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി തിരുവനന്തപുരം: ഓഡിറ്റോറിയം ഓണേഴ്സ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി. സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങളിൽ പരിപാടികൾ നടത്താൻ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുന്നയിച്ചാണ് സമരം നടത്തിയത്.

മുൻ മന്ത്രി രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയം ഓണേർസ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശ അധ്യക്ഷനായിരുന്നു.

ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി.എസ് മാത്യു, കമലാലയം സുകു, സതീഷ് വസന്ത്, കരമന മോഹനൻ, ആറ്റിങ്ങൽ മോഹനൻ, ബിജുരാജ്, ജഗന്യജയകുമാർ, രാജമൗലി, ശ്യാം രാജ്, TA നാസർ, ജയശ്രീ, തുടങ്ങിയവർ സംസാരിച്ചു.

കല്യാണമണ്ഡപം ഉടമസ്ഥരും അനുബന്ധ ബിസിനസ് നടത്തുന്നവരും സമരത്തിൽ പങ്കാളികളായികേരളത്തിൽ അങ്ങോളമിങ്ങോളം 2,000-ത്തിലേറെ ചെറുകിട – വൻകിട കല്യാണമണ്ഡപങ്ങൾ പ്രവർത്തിച്ചുവരുന്നു. 2020 മാർച്ച് മാസത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തെ കല്യാണമണ്ഡപങ്ങളെല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്.

കല്യാണമണ്ഡപങ്ങളുടെ പ്രവർത്തനത്തിലൂടെ മണ്ഡപ ഉടമസ്ഥർ മാത്രമല്ല ജീവിതം തേടുന്നത്. പന്തൽ ആൻഡ്‌ ഡെക്കറേഷൻ, കാറ്ററിംഗ് യൂണിറ്റുകൾ, പുഷ്പ വ്യാപാരികൾ, ഫോട്ടോഗ്രാഫേർസ്, വീഡിയോഗ്രാഫേർസ്, ഇവൻറ് മാനേജ്‌മെന്റുകൾ, പച്ചക്കറി, പലവ്യഞ്ജന വ്യാപാരികൾ, ക്ലീനിംഗ് തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ, ടാക്സി, ടൂറിസ്റ്റ് ബസ്‌ ജീവനക്കാർ, വെഡ്ഡിംഗ് കാർഡ്‌ വിൽപ്പനക്കാർ തുടങ്ങിയവർ ഇവിടെ നടക്കുന്ന വിവാഹങ്ങളെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. കല്യാണമണ്ഡപങ്ങളിൽ 20 പേരെ മാത്രം ഉൾപ്പെടുത്തി വിവാഹ ചടങ്ങുകൾ നടത്തുവാനാണ് ഉത്തരവ്. എന്നാൽ ഇത്രയും കുറച്ച് ആൾക്കാരെ ഉൾപ്പെടുത്തി വിവാഹം നടത്തുന്നവർ ഒരിക്കലും കല്യാണമണ്ഡപങ്ങളെ ഉപയോഗിക്കുകയില്ല. 5 പേർക്ക് താമസിക്കാൻ ഒരുക്കിയ വീട്ടിലും 1,500 പേരെ ഉൾക്കൊള്ളിക്കാനാകുന്ന കല്യാണമണ്ഡപത്തിലും 20 പേർ എന്നത് സാമാന്യ യുക്തിക്ക് ചേർന്നതല്ലെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

വീടുകളിൽ വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ 20 പേർ എന്ന സർക്കാർ നിയമം കാറ്റിൽ പറത്തി 200-300 പേർ വരെ പങ്കെടുക്കുന്നു, എന്നാൽ 100-ഓ 200-ഓ പേരെ സുരക്ഷിത അകലത്തിൽ ഇരുത്തി കൊവിഡ് വ്യാപനമില്ലാതെ വിവാഹ ചടങ്ങുകൾ നടത്താൻ കല്യാണമണ്ഡപങ്ങൾക്ക് സാധിക്കും എന്നാണ് ഓഡിറ്റോറിയം ഉടമകൾ പറയുന്നത്. ആരാധനാലയങ്ങളിലും റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും ഇപ്പോഴും വിവാഹ ചടങ്ങുകൾ നടക്കുന്നുണ്ട്. ഇവിടെയൊന്നും യാതൊരു വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുമില്ല. ഇത്തരം ഇടങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ സ്ഥല സൗകര്യങ്ങൾ സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങൾക്കുണ്ട്. എന്നിട്ടും ഓഡിറ്റോറിയങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നത് ഈ മേഖലയിൽ ഉപജീവന മാർ​ഗം കണ്ടെത്തുന്നവരോട് ചെയ്യന്ന ക്രൂരതയാണെന്നും സംഘടന ആരോപിക്കുന്നു. കല്യാണമണ്ഡപങ്ങളിൽ കുറഞ്ഞത്‌ 100 ആൾക്കാരെയോ അല്ലെങ്കിൽ രണ്ട് സ്ക്വയർ മീറ്ററിൽ ഒരു വ്യക്തി എന്ന നിലയിലോ മണ്ഡപത്തിന്റെ വലുപ്പത്തിനനുസ്സരിച്ച് കൃത്യമായ സാമൂഹിക അകലം പാലിച്ച് വിവാഹം നടത്തുന്നതിനോ അനുവാദം നൽകുവാനായി മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും അധികൃതരെയും സമീപിച്ചുവെങ്കിലും നാളിതുവരെയും പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മണ്ഡപങ്ങളിലെ ചടങ്ങുകൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നത്.

Comments (0)
Add Comment