ഔട്ട്‌ലുക്ക് മാഗസിന്റെ കവറിൽ ‘ജോജി’; ചർച്ചയായി ഒടിടിയിലെ മലയാള സിനിമകൾ

ഔട്ട്‌ലുക്ക് മാഗസിന്റെ ജൂലൈ ലക്കത്തിലെ കവർ പേജിൽ ദിലീഷ് പോത്തന്റെ സിനിമ ജോജിയുടെ ചിത്രം. മലയാള സിനിമ ഒടിടിയിൽ ഉണ്ടാക്കിയ മുന്നേറ്റമാണ് ഈ മാസത്തെ ഔട്ട്‌ലുക്ക് മാഗസിനിൽ ചർച്ച ചെയ്യുന്നത്. കോവിഡ് വ്യാപനത്തോടെ സിനിമ മേഖല പ്രതിസന്ധി നേരിട്ടെങ്കിലും ഒടിടിയെന്ന സാധ്യതയെ മലയാള സിനിമ കൃത്യമായി പ്രയോജനപ്പെടുത്തുകയായിരുന്നു.

സൂഫിയും സുജാതയുമായിരുന്നു ഒടിടിയിൽ ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രം. അതിനുശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2വും ഒടിടിയിൽ തന്നെയായിരുന്നു റിലീസ് ചെയ്തത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ജോജി, ഇരുള്‍, ആര്‍ക്കറിയാം, കള തുടങ്ങിയ ചിത്രങ്ങൾ കേരളത്തിന് പുറത്തും വലിയ തോതിൽ മലയാള സിനിമയ്ക്ക് ആരാധകരെ ഉണ്ടാക്കി.

ഫഹദ് ഫാസിൽ അഭിനയിച്ച രണ്ട് ചിത്രങ്ങളും (സി യു സൂൺ, ജോജി) ഒടിടിക്ക് വേണ്ടിത്തന്നെ നിർമ്മിച്ചവയായിരുന്നു. മഹേഷ് നാരയണന്‍ സംവിധാനം ചെയ്ത മാലിക്കാണ് ഇനി ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രം. തീയറ്റർ റിലീസായി തീരുമാനിച്ചതാണെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് തീയറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആമസോൺ പ്രൈമിൽ ജൂലായ് പതിനഞ്ചിനാണ്‌ ചിത്രം റിലീസ് ചെയ്യുന്നത്.

Comments (0)
Add Comment