‘ശൗര്യമുള്ളയാളയാള്‍ക്കുള്ളതാണ് കിരീടം, ആരംഭിച്ചിട്ടോം’ ഉലകനായകന്‍ കമല്‍ഹാസന്റെ ഈ വാക്കുകള്‍ക്കൊപ്പമുള്ള ട്വീറ്റിലുളളത് ‘വിക്രം’ ഫസ്റ്റ് ലുക്ക്. ദക്ഷിണേന്ത്യന്‍ സിനിമ കാത്തിരിക്കുന്ന മെഗാ പ്രൊജക്ടുകളിലൊന്ന്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ കമല്‍ഹാസനൊപ്പം സമകാലിക ഇന്ത്യന്‍ സിനിമയുടെ മുഖങ്ങളായ വിജയ് സേതുപതിയും ഫഹദ് ഫാസിലും. സംവിധാനം കൈദിയും മാസ്റ്ററും മാ നഗരവും ഒരുക്കിയ ലോകേഷ് കനകരാജ്.
ഒരിക്കല്‍ ഒരിടത്ത് ഒരു ഗോസ്റ്റ് ജീവിച്ചിരുന്നുവെന്നാണ് കമല്‍ഹാസനൊപ്പമുള്ള കാരക്ടര്‍ പോസ്റ്ററിന് ലോകേഷ് നല്‍കിയിരുന്ന തലവാചകം. മുപ്പതാം വയസില്‍ മാ നഗരം എന്ന ത്രില്ലറിലൂടെ തമിഴകത്തെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കൈദി പുറത്തിറങ്ങും മുമ്പ് തന്നെ ലോകേഷ് വിജയ് ചിത്രത്തിലേക്ക് കടന്നിരുന്നു. മാസ്റ്റര്‍ റിലീസിന് മുമ്പ് വിക്രമിന്റെ പ്രീ പ്രൊഡക്ഷനിലേക്കും. കമല്‍ഹാസന്റെ 232ാമത് ചിത്രമായാണ് വിക്രം എത്തുന്നത്. ഷങ്കറിന്റെ ഇന്ത്യന്‍ സെക്കന്‍ഡിലൂടെ ബോക്‌സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന കമലിന് സിനിമയുടെ നിര്‍മ്മാതാക്കളും സംവിധായകനുമായുള്ള തര്‍ക്കം മൂലം ചിത്രീകരണം വൈകുന്നത് മൂലം നിരാശപ്പെടേണ്ടി വന്നിരുന്നു.
പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും വിക്രം എന്നാണ് സൂചന. തോക്കുകള്‍ക്കിടയിലാണ് വിക്രം എന്ന ടൈറ്റില്‍ പ്ലേസ് ചെയ്തിരിക്കുന്നത്. നരേനും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ജല്ലിക്കട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രവുമാണ് വിക്രം. വിജയ് ചിത്രം സര്‍ക്കാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചതും ലോകേഷ് കനകരാജ് ആയിരുന്നു.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് സംഭാഷണം. കമല്‍ഹാസന്റെ ബാനറായ രാജ്കമല്‍ ഇന്റര്‍നാഷനലിനൊപ്പം ആര്‍.മഹേന്ദ്രനും നിര്‍മ്മാതാവായുണ്ട്. കരിയറിലെ ഏറ്റവും മോശം സമയങ്ങളിലൂടെയാണ് കമല്‍ഹാസന്‍ കുറേ വര്‍ഷങ്ങളായി കടന്നുപോകുന്നത്. 2018ല്‍ വിശ്വരൂപം 2 പുറത്തിറങ്ങിയ ശേഷം കമല്‍ ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിയിട്ടില്ല. ദശാവതാരം സ്പിന്‍ ഓഫ് ആയ സബാഷ് നായിഡു പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതും കമലിന് തിരിച്ചടിയായിരുന്നു.