കോവിഡ് രോഗ ലക്ഷണങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്

മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ ഫലപ്രഖ്യാപനം നടത്തുന്നത് .അതി തീവ്ര വ്യാപനശേഷിയുള്ള കോവിഡ് ഡെല്‍റ്റ വകഭേദം വൈറസിനെതിരെ 65.2 ശതമാനം ഫലപ്രദമാണ് വാക്‌സിനെന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു .അതെ സമയം ഗുരുതര ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരെ 93.4 ശതമാനം പ്രതിരോധമാണ് അവകാശപ്പെടുന്നത്.ശാസ്ത്രീയ ബോധ്യവും കഴിവും പ്രതിബദ്ധതയുമുള്ള ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഭാരത് ബയോടെക് സഹ-സ്ഥാപക സുചിത്ര എല്ല വ്യക്തമാക്കി .രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 18നും 98നും ഇടയിലുള്ള 130 രോഗികളിലാണ് കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നത്. പൊതുവായുള്ള പാര്‍ശ്വഫലങ്ങള്‍ 12 ശതമാനം പേര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍, 0.5 ശതമാനത്തിന് മാത്രമാണ് ഗുരുതരമായ പാര്‍ശ്വഫലം അനുഭവപ്പെട്ടത്. അതെ സമയം മറ്റ് വാക്‌സിനുകളേക്കാള്‍ കോവാക്‌സിന് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നാണ് പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.ഐ.സി.എം.ആറും പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ നിര്‍മിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നല്‍കിയ രണ്ടാമത്തെ വാക്‌സിനാണിത്.

Comments (0)
Add Comment