വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) ജനങ്ങള്‍ക്ക് ചര്‍ച്ചയ്ക്കായി നല്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത്. അത്തരമൊരു ചര്‍ച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.കേരളത്തിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമാണ്. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയില്‍ ഗതാഗതമാകണം അതിന്റെ കേന്ദ്ര സ്ഥാനത്തെന്നും പരിഷത്ത് നിര്‍ദേശിച്ചു.സില്‍വര്‍ ലൈന്‍ പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്ഗേജുമായി പരസ്പരം ചേര്‍ന്നുപോകില്ല. അതിനാല്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. മാത്രമല്ല, നിലവിലുള്ള പാതയില്‍നിന്ന് വളരെ മാറിയായതിനാല്‍ അതൊരു ഒറ്റയാന്‍ പാതയായിരിക്കും.ഇപ്പോഴത്തെ മതിപ്പ് ചെലവായ 65000 കോടി രൂപയെന്നത് ഇരട്ടിയെങ്കിലും ആകുമെന്ന് നീതി ആയോഗ് പറഞ്ഞു കഴിഞ്ഞു. പണി പൂര്‍ത്തിയാകുമ്ബോള്‍ അതില്‍ കൂടുതലാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. ഒരു ട്രിപ്പില്‍ 675 യാത്രക്കാരുള്ള 74 ട്രിപ്പുകളാണ് പ്രതിദിനമെന്നു മനസിലാക്കുന്നു.കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാക്കൂലി ഇപ്പോള്‍ കണക്കാക്കുന്നത്. തുടക്കത്തില്‍ പ്രതിദിനം 79,000 യാത്രക്കാര്‍ ഉണ്ടാകുമെന്നും പദ്ധതി സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസിലാവുന്നു. ഇത്രയും വലിയ ചാര്‍ജ് നല്കി ഇത്രയും യാത്രക്കാര്‍ പ്രതിദിനം ഉണ്ടാകുമോയെന്നത് സംശയമാണ്. ഉണ്ടായാലും ടിക്കറ്റ് പണം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാന്‍ കഴിയില്ല.ഇത്രയും വലിയൊരു പദ്ധതിയുടെ വിശദ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമല്ല. ലഭിച്ച വിവരം വച്ച് 88 കി.മീ. പാടത്തിലൂടെയുള്ള ആകാശ റെയിലാണ്. 4- 6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം- കാസറഗോഡ് മതില്‍ പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങള്‍, 11.5 കി.മീ. തുരങ്കങ്ങള്‍, 292 കി.മീ. എംബാങ്ക്മെന്റ് എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് വീടുകള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവ ഇല്ലാതാകുമെന്നും ലഭ്യമായ പാരിസ്ഥിതിക ആഘാത പഠനത്തില്‍ പറയുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും.ഇപ്പോള്‍ തന്നെ ഇന്ത്യന്‍ റെയില്‍വേ പൊതുമേഖലയില്‍ നിര്‍മിച്ച അര്‍ധ അതിവേഗ തീവണ്ടികളായ ഗതിമാന്‍, വന്ദേഭാരത് എന്നീ എക്സ്പ്രസുകള്‍ ഓടിക്കുന്നുണ്ട്. അവ ബ്രോഡ്ഗേജിലാണ്. കേരളത്തിലും ബ്രോഡ്ഗേജ് പാത ശക്തിപ്പെടുത്തിയാല്‍ ഇത്തരം വണ്ടികള്‍ ഓടിക്കാം. ഇന്ത്യന്‍ റെയില്‍വേയ്ക്ക് പൂരകമായ സംവിധാനം ഉണ്ടാക്കാനും കഴിയും. ലോകത്തില്‍ ചില വികസിത രാജ്യങ്ങള്‍ സ്റ്റാന്റേര്‍ഡ് ഗേജ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് കേരളത്തിന് അത് അനുയോജ്യമാവണമെന്നില്ല.ജനങ്ങള്‍ക്ക് ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ മെച്ചമാണ് സില്‍വര്‍ ലൈന്‍ കൊണ്ടുണ്ടാകേണ്ടത്. അതു ലഭ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. അതിന്റെ തുടക്കമെന്ന നിലയില്‍ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചചെയ്യണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. അതുവരെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.