വേനല്‍ക്കാലത്തിന്റെ കടുത്ത ചൂടിന് ശേഷമെത്തുന്ന മണ്‍സൂണ്‍ മഴ ആസ്വദിക്കുന്നവരാണ് എല്ലാവരും

എന്നാല്‍ മഴയോടൊപ്പം ധാരാളം അസുഖങ്ങളും വരാന്‍ സാധ്യതകള്‍ ഏറെയാണ്. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങള്‍ കൂടുതലായും കാണുന്നത് മഴക്കാലത്താണ്.ശ്വാസകോശങ്ങളിലെ വായുപാതകളെ ബാധിക്കുന്ന ഒരു ശ്വസന പ്രശ്നമാണ് ആസ്തമ. മഴക്കാലത്ത് അന്തരീക്ഷത്തിലുള്ള പരാഗണങ്ങളും ഫംഗസു പോലെയുള്ള അലര്‍ജിയുളവാക്കുന്ന വസ്തുക്കളുടെ സാന്നിധ്യമാണ് ആസ്തമക്ക് ഇടയാക്കുന്നത്. ഓരോ മണ്‍സൂണിലും ആസ്തമ രോഗികളുടെ ഗണ്യമായ വര്‍ധനയാണുള്ളത്, പ്രത്യേകിച്ച്‌ കുട്ടികളിലാണ് ആസ്തമ രോഗം കൂടുതലായി കാണുന്നത്. ചുമ, ശ്വാസതടസ്സം എന്നിവയെല്ലാം ആസ്ത്മയുടെ ലക്ഷണങ്ങളാണ്. ശ്വാസകോശത്തിലെ വായു പാസേജുകളുടെ വീക്കം മൂലം ഉണ്ടാകുന്ന ഒരു ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്തമയെന്നും, എന്നാല്‍, വരണ്ട കാലവസ്ഥയില്‍ ആസ്തമയുടെ ആക്രമണം മണ്‍സൂണ്‍ കാലാവസ്ഥയെക്കാള്‍ വളരെ കുറവാണെന്നും, ആസ്തമ രോഗികള്‍ കാലവസ്ഥയില്‍ മാറ്റം വന്ന് തുടങ്ങുമ്ബോള്‍ തന്നെ ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

മണ്‍സൂണ്‍ എങ്ങനെ ആസ്തമ രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് നോക്കാം

1. മണ്‍സൂണ്‍ സമയത്ത് വൈറല്‍ അണുബാധ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. വിവിധ വൈറസുകളും ബാക്ടീരിയകളും അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നു. ഇത് ജലദോഷം, പനി എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ആസ്ത്മ രോഗികള്‍ക്ക് അസുഖം കൂടാന്‍ കാരണമാക്കുന്നു.

2. മഴക്കാലത്ത് അന്തരീക്ഷത്തില്‍ തണുപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ ഫംഗസ് വര്‍ദ്ധിക്കുന്നു. ഈ ഫംഗസ് ആസ്തമ രോഗിക്ക് ഗുരുതരമായ അലര്‍ജിയുണ്ടാക്കും.

3. മണ്‍സൂണ്‍ സമയത്ത് സൂര്യപ്രകാശം കുറവായതിനാല്‍ കിടപ്പുമുറികളിലും ബെഡ്ഷീറ്റുകളിലും ഉണ്ടാകുന്ന പൊടിപടലങ്ങളെ അവിടെതന്നെ നിര്‍ത്തുകയും രോഗിക്ക് അലര്‍ജിയുണ്ടാക്കുകയും ചെയ്യുന്നു.

മഴക്കാലത്ത് ആസ്ത്മ രോഗികള്‍ക്ക് എങ്ങനെ ഇതില്‍ നിന്നും പ്രതിരോധിക്കാമെന്ന് നോക്കാം

1. ആസ്തമ രോഗികള്‍ ഇന്‍ഹേലറുകള്‍ കൈവശം തന്നെ സൂക്ഷിക്കുക.

2. ആസ്തമക്ക് കാരണമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കുക.

3. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഉടന്‍ ഡോക്ടറുമായി ബന്ധപ്പെടുക.

4. ആസ്ത്മ രോഗികള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചപോലെ മരുന്നുകളെല്ലാം തുടര്‍ന്ന് കഴിക്കുക.

(കൊച്ചി രാജഗിരി ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവിയാണ് ലേഖകന്‍.

ഫോ. 09745501976)

Comments (0)
Add Comment