ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തകര്‍ച്ചയോടെ തുടക്കം

പുതിയ സീസണിലെ ആദ്യ മത്സരത്തിലാണ് ഗണ്ണേഴ്‌സ് പട്ടികയിലെ ദുര്‍ബലരായ ബ്രെന്റ് ഫോഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ബ്രെന്റ്‌ഫോഡ് കരുത്തരായ ആഴ്‌സണലിന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചാണ് കളിച്ചത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഇടംലഭിക്കാതിരുന്ന ബ്രെന്റ്‌ഫോഡിന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്.കളിയുടെ 22-ാം മിനിറ്റിലാണ് ബ്രെന്റ്‌ഫോഡ് ലീഡ് നേടിയത്. സെര്‍ജീ കാനോസാണ് ആദ്യം ആഴ്‌സണലിന്റെ വല കുലുക്കിയത്. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി ആക്രമിച്ചുകളിച്ച ആഴ്‌സണല്‍ കളിയുടെ മുക്കാല്‍ സമയത്തും പന്ത് കൈവശം വയ്‌ക്കുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായക സമയത്തൊന്നും ഗോളടിക്കാന്‍ ഗണ്ണേഴ്‌സിനായില്ല.73-ാം മിനിറ്റില്‍ ആഴ്‌സണലിനെ ഞെട്ടിച്ചുകൊണ്ട് ബ്രെന്റ്‌ഫോഡ് വീണ്ടും ഗോള്‍ നേടി. ക്രിസ്റ്റിയന്‍ നോഗാഡാണ് ടീമിന് 2-0ന്റെ ശക്തമായ ലീഡ് നല്‍കിയത്. 22 തവണ ഷോട്ടുകളുതിര്‍ത്തിട്ടും ഗോളടിക്കാന്‍ ആഴ്‌സണലിനെ ബ്രെന്റ്‌ഫോഡ് അനുവദിച്ചില്ല.ലീഗിലെ ഉദ്ഘാടന മത്സരമാണ് ഇന്നലെ നടന്നത്. ഇന്ന് ഏഴു മത്സരങ്ങളാണ് നടക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും, ചെല്‍സിയും, ലിവര്‍പൂളും, ലെസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങുന്ന വമ്ബന്മാരാണ്. എല്ലാവരും കഴിഞ്ഞ സീസണില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ കരുത്തന്മാരാണ്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് കഴിഞ്ഞ സീസണിലെ ചാമ്ബ്യന്മാര്‍. സീസണില്‍ 20 ടീമുകള്‍ ആകെ 38 മത്സരങ്ങള്‍ ആദ്യം കളിക്കണം.

Comments (0)
Add Comment