കേരളത്തില്‍ പച്ചക്കറിക്ക് തീവില പക്ഷെ കര്‍ഷകര്‍ക്ക് ലാഭമില്ല

കോവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയത്തോടെ കേരളത്തില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. പതിവ് പോലെ പൂക്കളും, പച്ചക്കറികാളുമെല്ലാം കേരളത്തിലെ ഓണവിപണിയിലേക്ക് എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. എന്നാല്‍, ഓണവിപണിയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച തമിഴ്‌നാട്ടിലെ പച്ചക്കറി കര്‍ഷകര്‍ നേരിടുന്നത് കടുത്ത നിരാശയാണ്.കേരളത്തിലെ വിപണിയില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങളും ഓണക്കാലം ആയതോടെ വില വന്‍തോതില്‍ വര്‍ധിക്കുമ്ബോഴും ഇവിടേക്ക് പച്ചക്കറി നല്‍കുന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വില മാത്രമാണ്. കാര്യമായ വില ലഭിക്കാത്തതിനാല്‍ ഇവിടുത്തെ കര്‍ഷകരില്‍ പലരും വിളവെടുപ്പ് നടത്താന്‍ പോലും മടിക്കുകയാണ്. വെണ്ടയും വെള്ളരിയും കര്‍ഷകര്‍ നല്‍കുന്നത് കിലോയ്‌ക്ക് 4 മുതല്‍ 6 വരെ രൂപയ്‌ക്കാണ്. ഓണക്കാലമായാല്‍ ഉപ്പേരിക്കായി ഉപയോഗിക്കുന്ന പച്ച ഏത്തക്കയ്‌ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ഇതിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോയ്‌ക്ക് 13 രൂപയും. വാഴക്കുലകള്‍, ചെറിയ ഉള്ളി, പയര്‍, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് കാലം കൂടിയാണിത്. 4 രൂപയ്‌ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന വെണ്ട തെങ്കാശിയില്‍ നിന്ന് തിരുവനന്തപുരം, കൊല്ലം കോട്ടയം ജില്ലകളില്‍ കര്‍ഷകര്‍ തന്നെ എത്തിച്ചുനല്‍കുമ്ബോള്‍ 9 രൂപ മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ പച്ചക്കറികള്‍ക്ക് ഇന്നത്തെ കേരളത്തിലെ വില കിലോക്ക് 60 രൂപയാണ്. 18 രൂപക്ക് ലഭിക്കുന്ന പച്ച ഏത്തക്കയ്‌ക്ക് ഓണവിപണിയില്‍ 45 മുതല്‍ 50 രൂപ വരെയാണ് ഇപ്പോള്‍ വില.ഓണക്കാലത്തെ കേരളത്തിലെ വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാവും തമിഴ്‌ കര്‍ഷകര്‍ക്ക് നേരിടേണ്ടി വരിക. കേരളത്തിലെ കോവിഡ് സാഹചര്യം നേരത്തെ തന്നെ തമിഴ്‌നാട്ടിലെ പച്ചക്കറി കര്‍ഷകരെ സാരമായി തന്നെ ബാധിച്ചിരുന്നു എന്നാല്‍ ഇതിനിടയില്‍ ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുന്നതായും ആരോപണങ്ങളും ശക്തമായിത്തന്നെ നിലനില്‍ക്കുകയാണ്.

Comments (0)
Add Comment