കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടുമായി മൂന്നു വേദികളിലായാണ് പുരസ്കാര സമര്‍പ്പണം നിശ്ചയിച്ചത്. തൃശൂരില്‍ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനവും പുരസ്കാരസമര്‍പ്പണവും നിര്‍വ്വഹിച്ചു. ഇരുള്‍ നിറഞ്ഞ പുതിയ കാലത്ത് സര്‍ഗ്ഗാത്മകതയുടെ ചെറുദീപശിഖകള്‍ സൂര്യപ്രഭയായി മാറട്ടെയെന്ന് അദ്ദേഹം പറഞ്ഞു.സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അധ്യക്ഷയായി. അക്കാദമി നിര്‍വ്വാഹക സമിതിയംഗം ആലങ്കോട് ലീലാകൃഷ്ണന്‍, ജനറല്‍ കൗണ്‍സിലംഗം ടി ഡി രാമകൃഷ്ണന്‍ എന്നിവര്‍ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പി രാമന്‍, എം ആര്‍ രേണുകുമാര്‍ (കവിത), സജിത മഠത്തില്‍, ജിഷ അഭിനയ (നാടകം), ജി മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം), കെ അരവിന്ദാക്ഷന്‍ (വിവര്‍ത്തനം), കെ ആര്‍ വിശ്വനാഥന്‍ (ബാലസാഹിത്യം), സത്യന്‍ അന്തിക്കാട് (ഹാസസാഹിത്യം), ഐ ഷണ്മുഖദാസ് (ഐ സി ചാക്കോ അവാര്‍ഡ് നേടിയ പ്രൊഫ. പി മാധവനുവേണ്ടി), ബോബി ജോസ് കട്ടിക്കാട് (സി ബി കുമാര്‍ അവാര്‍ഡ്), ഇ എം സുരജ (തുഞ്ചന്‍ സ്മാരക ഉപന്യാസമത്സരം) എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍, നിര്‍വ്വാഹകസമിതിയംഗം പ്രൊഫ. എം എം നാരായണന്‍, ജനറല്‍ കൗണ്‍സില്‍ അംഗം സി രാവുണ്ണി, പബ്ലിക്കേഷന്‍ ഓഫീസര്‍ ഇ ഡി ഡേവീസ് എന്നിവര്‍ സംസാരിച്ചു.