മഹാമാരിയുടെ രണ്ടാം വര്‍ഷം മൂന്ന് പള്ളിയോടങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ പാര്‍ഥസാരഥി ക്ഷേത്രക്കടവ് ഉത്രട്ടാതി ജലമേളയുടെ വേദിയായി മാറും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പമ്ബാനദിയുടെ നെട്ടായത്തില്‍ ചടങ്ങുകള്‍ ഇന്ന് ആചാരപരമായി നടക്കും. 52 പള്ളിയോടങ്ങളാണ് സാധാരണ ജലമേളയില്‍ പങ്കെടുക്കുന്നത്.എന്നാല്‍, കോവിഡ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി വിവിധമേഖലകളെ പ്രതിനിധീകരിച്ച് മൂന്ന് പള്ളിയോടങ്ങള്‍ക്കാണ് ഇക്കുറി ജലമേളയില്‍ പങ്കെടുക്കാന്‍ അനുമതി. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്ന് കോഴഞ്ചേരി, മധ്യമേഖലയില്‍ നിന്ന് മാരാമണ്‍, പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. മൂന്നിലുമായി 120 പേരായിരിക്കും എത്തുന്നത്. ഇന്ന് രാവിലെ 10.45 ന് പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റില പുകയില നല്‍കി സ്വീകരിക്കും. ക്ഷേത്രത്തില്‍ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങള്‍ക്ക് കൈമാറും. ഒരു പാലിയോടത്തില്‍ 40 തുഴക്കാര്‍ മാത്രമേ പ്രവേശിക്കാവു എന്നാണ് നിബന്ധന. പള്ളിയോടങ്ങളിലെത്തുന്ന കരനാഥന്മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. പള്ളിയോടത്തില്‍ എത്തുന്നവര്‍ ക്ഷേത്രക്കടവില്‍ ഇറങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളിയോട ക്യാപ്ടന്‍ വെള്ളമുണ്ടും ചുവന്ന തലയില്‍ക്കെട്ടും മറ്റുള്ളവര്‍ വെള്ളമുണ്ടും വെള്ള തലയില്‍ക്കെട്ടും ധരിക്കണം. പള്ളിയോട സേവാസംഘം നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ആരും പള്ളിയോടത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.