‘ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം’ ഈ വർഷവും തുടരാൻ അനുമതി

ശ്രീ.പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ യുടെ സബ്മിഷന് ബഹു.പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകിയ മറുപടി.

കോവിഡ് മഹാമാരി ലോകമാകെ തന്നെ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ വിനോദ സഞ്ചാര മേഖലയില്‍ കോവിഡ് ഉണ്ടാക്കിയ ആഘാതം കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചര്‍ച്ച ചെയ്തതാണ്. അതില്‍ ഹൗസ് ബോട്ടുകള്‍ നേരിടുന്ന പ്രശ്നങ്ങളും ഉയര്‍ന്നുവന്നിരുന്നു.

സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം താമസസൗകര്യം ഒരുക്കുന്ന ടൂറിസം സംവിധാനങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തുറസ്സായ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഹൗസ് ബോട്ടുകള്‍ക്കും നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയായിട്ടുണ്ട്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഹൗസ് ബോട്ടുകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയിട്ടുണ്ട്. ബയോ ബബിള്‍ അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ടുകളിലും പ്രവേശനം അനുവദിക്കുക. ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് ഉണ്ടാക്കുന്ന ഓണസീസണ്‍, ഹൗസ് ബോട്ട് മേഖലയേയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതോടൊപ്പം ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനുള്ള റിവോള്‍വിംഗ് ഫണ്ട് പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ ഹൗസ് ബോട്ട് ജീവനക്കാര്‍ക്കും ശിക്കാരി വള്ളങ്ങളിലുള്ളവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സഹകരിച്ച് ‘ടൂറിസം വർക്കിംഗ് ക്യാപിറ്റൽ സ്കീം’ എന്ന പേരിൽ വായ്പാ പദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് കേരള ബാങ്ക് വഴി 30,000/ രൂപ വരെയുള്ള വായ്പ ലഭ്യമാക്കുന്ന ‘ടൂറിസം എംപ്ലോയ്മെന്റ് സപ്പോർട്ടിംഗ് സ്കീമും’ നടപ്പാക്കി. കോവിഡിന്റെ ആദ്യ തരംഗത്തെ തുടർന്ന് തന്നെ ഈ രംഗത്തുള്ളവരുടെ സംരക്ഷണാർത്ഥം ഒറ്റത്തവണ ധനസഹായ പദ്ധതിയായ ‘ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം’ നടപ്പാക്കിയിരുന്നു. ഈ പദ്ധതി അനുസരിച്ച് 261 ഹൗസ് ബോട്ടുകൾക്ക് സഹായധനമായി 1,60,80,000 രൂപ (ഒരു കോടി അറുപത് ലക്ഷത്തി എണ്‍പതിനായിരം രൂപ) അനുവദിച്ചു. ‘ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം’ ഈ വർഷവും തുടരാൻ അനുമതി നൽകിയിട്ടുണ്ട്.

Comments (0)
Add Comment