റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് മരുന്ന്, ഭക്ഷണം ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ അടങ്ങിയ രണ്ടാം ഘട്ട സഹായം കഴിഞ്ഞ ദിവസം അയച്ചു. രാജാവ് ഹമദ് ബിന്‍ ഇൗസ ആല് ഖലീഫയുടെ ഉത്തരവുപ്രകാരമാണ് സഹായ സാമഗ്രികള്‍ അയക്കുന്നത്.ലോകമെങ്ങുമുളള ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്ന ഹമദ് രാജാവിെന്റ ഉദ്യമത്തെ രാജാവിെന്റ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫ പ്രകീര്‍ത്തിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്കുന്ന പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.അഫ്ഗാനിസ്താന് സഹായം നല്‍കാനുള്ള ബഹ്റൈെന്റ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് രണ്ടാം ഘട്ട സഹായം അയച്ചതെന്ന് ഫൗണ്ടേഷന് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അല്‍ സായിദ് പറഞ്ഞു. ഉടന്‍തന്നെ രണ്ട് ഷിപ്മെന്റ് കൂടി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈെന്റ സഹായത്തിന് അഫ്ഗാന് സര്‍ക്കാര്‍ പ്രതിനിധി ഹമദ് രാജാവിന് നന്ദി അറിയിച്ചു.