ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് നാളെ ആരംഭമാവുകയായി

മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി ഈ സീസണില്‍ കിരീട സാധ്യത ആര്‍ക്കെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് പീറ്റേഴ്‌സണ്‍ കിരീട സാധ്യത കല്‍പ്പിച്ച്‌ നല്‍കിയിരിക്കുന്നത്. ചെന്നൈയുടെ കിരീടധാരണം പ്രവചിച്ച മുന്‍ ഇംഗ്ലണ്ട് താരം നിലവിലെ ചാമ്ബ്യന്മാരുടെ സാധ്യതകളെ കുറിച്ചും വിലയിരുത്തി. മുംബൈയ്ക്ക് കിരീടം നിലനിര്‍ത്തുക എളുപ്പമാകില്ല എന്നും മെല്ലെ തുടങ്ങി അവസാനം ആഞ്ഞടിക്കുന്ന അവരുടെ പതിവ് ശൈലി ഇത്തവണ ഫലം കണ്ടേക്കില്ലെന്നുമാണ് പീറ്റേഴ്‌സണ്‍ പറഞ്ഞത്.ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ചെന്നൈ നടത്തിയത്. സീസണിന്റെ ആദ്യപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തിയതായി പീറ്റേഴ്‌സന്‍ പറഞ്ഞു. ഇത്രയും നന്നായി അവര്‍ പെര്‍ഫോം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവരും വയസന്‍പടയെന്ന് വിളിച്ച്‌ കളിയാക്കിയതാണ് അവരെ. എങ്കിലും ഇപ്പോള്‍ കിരീടം ലക്ഷ്യംവെച്ചാണ് അവരുടെ മുന്നേറ്റം. എന്നാല്‍ നാലുമാസത്തെ ഇടവേള ടീമിലെ പ്രായമായ താരങ്ങളുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണം. അവര്‍ക്ക് താളം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഈ ചെന്നൈ ടീമിനെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി സീസണിന്റെ അവസാനം അവര്‍ നല്‍കിയിരിക്കും. അവര്‍ നാലാം കിരീടം നേടുവാനുള്ള സാധ്യത വളരെ കൂടുതലാണ്.’ പീറ്റേഴ്‌സണ്‍ പറഞ്ഞു.മുംബൈ കിരീടം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നതെങ്കില്‍ അവരുടെ പതിവ് ശൈലി മാറ്റിവെക്കേണ്ടി വരും. ‘രണ്ടാം പാദത്തില്‍ തുടക്കത്തിലെ പതിവുപോലെ ഒന്ന് രണ്ട് മത്സരങ്ങള്‍ തോറ്റാല്‍ മുംബൈ ഇന്ത്യന്‍സിന് മുന്നോട്ടുള്ള പോക്ക് എളുപ്പമാവില്ല. കാരണം, ഐപിഎല്‍ ഒന്നാം പാദം പൂര്‍ത്തിയായി ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പാദത്തിലാണ് നമ്മള്‍. അവരുടെ മികവിലേക്ക് എത്തുന്നതിന് മുമ്ബ് മൂന്നോ നാലോ കളികള്‍ തോറ്റാല്‍ അത് മുംബൈക്ക് കനത്ത തിരിച്ചടിയാവും. കാരണം, ഇനി അധികം മത്സരങ്ങള്‍ ബാക്കിയില്ല. കിരീടം നിലനിര്‍ത്തണമെങ്കില്‍ അദ്യ പന്തുമുതല്‍ മുംബൈ ചാമ്ബ്യന്‍മാരെപ്പോലെ കളിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രതിഭാസമ്ബത്ത് കണക്കിലെടുത്താല്‍ അതിനവര്‍ക്ക് കഴിയും.’ – പീറ്റേഴ്‌സണ്‍ പറഞ്ഞു.നാളെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ഇരുടീമുകളുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.കോവിഡ് വ്യാപനം മൂലം ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തും അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തുമായിരുന്നു.യുഎഇയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ 2020 സീസണിലേത് പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളില്‍ തന്നെയാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍

Comments (0)
Add Comment