സഞ്ചാരികളുടെയും ഗവേഷകരുടെയും വിസ്മയമായി മാറിയിരിക്കുകയാണ് ഇവിടുത്തെ പവിഴപ്പുറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ശാന്തമായ, തെളിഞ്ഞ കടല്ഭാഗങ്ങള്. ഓറഞ്ച്, ബ്രൗണ്‍, പിങ്ക്, നീല നിറങ്ങളിലുള്ളവയാണ് പവിഴപ്പുറ്റുകളില്‍ ഏറെയുമെന്ന് മറൈന്‍ ബയോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. യാംബു ചെങ്കടല്‍ തീരങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് അധികൃതര്‍ നല്കുന്ന പ്രാധാന്യം പ്രകൃതി വിഭവങ്ങളുടെ വളര്‍ച്ചക്കും അഭിവൃദ്ധിക്കും ഗുണകരമായി വര്‍ത്തിക്കുന്നു. സൗദിയിലെ മുന്‍നിര സമുദ്ര ടൂറിസം അനുഭവങ്ങളിലൊന്നായി യാംബു പൊതുവേ കണക്കാക്കപ്പെടുന്നു. അത്യാകര്‍ഷകവും വൃത്തിയുമുള്ള പവിഴപ്പുറ്റുകളാല്‍ സമ്ബന്നമാണ് യാംബു കടല്ഭാഗങ്ങള്. വര്‍ണമത്സ്യങ്ങളുടെ നിറസാന്നിധ്യത്താല്‍ കണ്ണഞ്ചിപ്പിക്കുന്ന നേര്‍ക്കാഴ്ചകള്‍ ആസ്വദിക്കാനാണ് ഡൈവിങ് കമ്ബക്കാര് വിദേശ രാജ്യങ്ങളില്‍നിന്നടക്കം ഇവിടേക്ക് എത്തുന്നത്. ഡൈവിങ്ങിലൂടെ ഹൃദ്യമായ കാഴ്ചകള്‍ എമ്ബാടും ആസ്വദിക്കാന്‍ യാംബു ബീച്ചില്‍ ‘വിസിബിലിറ്റി’ കൂടുതലാണ് എന്നതിനാല്‍ നിര്‍ഭയമായി ഡൈവിങ് ചെയ്യാന്‍ സാധിക്കും. മിതമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ധാരാളം ഡൈവിങ് പരിശീലന ക്ലബുകളും ഈ മേഖലയിലേക്ക് താല്പര്യക്കാരെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങളാണ്.സൗദി ഫെഡറേഷന് ഓഫ് മറൈന്‍ സ്പോര്‍ട്സ് അതോറിറ്റി ഡൈവിങ് താല്പര്യക്കാരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ട പരിപാടികളുമായി രംഗത്തുണ്ട്. സൗദി ടൂറിസം ആന്‍ഡ് ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ യാംബുവില്‍ നടത്താറുള്ള ഡൈവിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ധാരാളം ഡൈവിങ് കമ്ബക്കാര് എത്താറുണ്ട്. 30 വര്‍ഷങ്ങള്‍ക്കു മുമ്ബ് യാംബു കടലില്‍ മുങ്ങിയ കപ്പല്‍ കാണാനുള്ള പര്യവേക്ഷണ ട്രിപ്പ്, ഡൈവിങ് എക്സിബിഷനുകള്‍, സീ തിയറ്റര്‍, ആര്‍ട്ടിസ്റ്റിക് സായാഹ്നങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി ഡൈവിങ് എന്നിവയും ഉത്സവത്തോടനുബന്ധിച്ച് നടക്കും. നാഷനല്‍ ഹെറിറ്റേജ് വിഭാഗം, ബോര്‍ഡര്‍ ഗാര്‍ഡ് വിഭാഗം, യാംബു റോയല്‍ കമീഷന് അതോറിറ്റി, റെഡ് ക്രസന്റ്, ഗവര്‍ണറേറ്റിലെ ഡൈവിങ് സെന്ററുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മേള ഒരുക്കാറുള്ളത്. ഡൈവിങ് ഫെസ്റ്റിവലിലൂടെ ടൂറിസം മേഖലക്ക് പുതിയ ദിശാബോധം കൈവരിക്കാനും കടലിലെ പുതിയ വിവരങ്ങള്‍ സമൂഹത്തിന് പകുത്തുനല്‍കാനും കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. ഡൈവിങ് പഠനം പൂര്‍ത്തിയാക്കി അംഗീകാരപത്രമുള്ളവര്ക്കു മാത്രമേ ഇവിടെ ഡൈവിങ്ങിനായി പ്രത്യേകം അനുവദിച്ച കടല്‍ഭാഗങ്ങളില്‍ ഇറങ്ങാന്‍ അധികൃതര്‍ അനുവാദം നല്‍കൂ.