ക്രിസ്‌മസിന് 7 ചിത്രങ്ങള്‍,​ നാലെണ്ണം തിയേറ്ററുകളിലും മൂന്നെണ്ണം ഒടിടിയിലുമാണ്

പുഷ്പ , തുറമുഖം, മ്യാവൂ, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളാണ് ക്രി‌സ്‌മസ് പ്രമാണിച്ച്‌ ഡിസംബര്‍ അവസാനം തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍.മിന്നല്‍ മുരളി, കേശു ഇൗ വീടിന്റെ നാഥന്‍, ഇൗശോ എന്നിവയാണ് ക്രി‌സ്‌മസ് കാലത്തെ ഒ.ടി.ടി റിലീസുകള്‍.നിവിന്‍ പോളി, നിമിഷ സജന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ ഇന്ദ്രജിത്ത്, ജോജു, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആര്‍. ആചാരി, ദര്‍ശന രാജേന്ദ്രന്‍ എന്നിങ്ങനെ ഒരു വന്‍ താരനിരയെ അണിനിരത്തി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ രചന നിര്‍വഹിക്കുന്നത് ഗോപന്‍ ചിദംബരമാണ്. സുകുമാര്‍ തെക്കേപ്പാട്ടാണ് നിര്‍മ്മാണം.രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പ ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരുങ്ങുന്നുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.മംമ്ത മോഹന്‍ദാസിനെയും സൗബിന്‍ ഷാഹിറിനെയും നായികാനായകന്മാരാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മ്യാവൂവിലെ മറ്റൊരു പ്രധാന കഥാപാത്രം ഡയാന എന്ന് പേരുള്ളൊരു പൂച്ചയാണ്. സലിംകുമാറും ഹരിശീ യൂസഫും ഒരു റഷ്യന്‍ താരവുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.ഡോ. ഇക്‌ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. സംഗീതം : വിദ്യാസാഗര്‍.നവാഗതനായ മാത്തുക്കുട്ടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന കുഞ്ഞെല്‍ ദോയിലെ പ്രധാന താരങ്ങള്‍ ആസിഫ് അലിയും ഗോപിക ഉദയനും സിദ്ദിഖുമാണ്. വിനീത് ശ്രീനിവാസനാണ് ക്രിയേറ്റീവ് ഡയറക്ടര്‍.ഗോദയ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന മിന്നല്‍ മുരളി ക്രി‌സ്‌മസിന് നെറ്റ് ഫ്ളക്സില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.ദിലീപ് – നാദീര്‍ഷ ടീനൊന്നിക്കുന്ന കേശു ഇൗ വീടിന്റെ നാഥനാണ് ഒ.ടി.ടിയിലെ മറ്റൊരു ക്രി‌സ്‌മസ് റിലീസ്. ദിലീപ് അറുപതുകാരന്റെ വേഷമവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിയാണ് നായിക. സജീവ് വാഴൂരിന്റേതാണ് രചന.നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ഇൗശോയും ക്രി‌സ്‌മസിന് ഒ.ടി.ടി റിലീസായെത്തും. ജയസൂര്യ നായകനാകുന്ന ചിത്രത്തിലെ നായിക നമിതാ പ്രമോദാണ്. സുനീഷ് വാരനാടിന്റേതാണ് രചന.

Comments (0)
Add Comment