ഡബിള്‍ ഡക്കര്‍ വേഷം മാറി പലരുടെയും ഭാവം മാറി

തിരുവനന്തപുരം: ‘ബുള്‍ ജെറ്റ്’ സംഭവമൊക്കെ കത്തി നില്‍ക്കുന്ന സമയത്ത് ഇങ്ങനെ നിറങ്ങള്‍ വാരിയൊഴിച്ച്‌ പടങ്ങളുമായിട്ട് ബസ് എങ്ങനെ നിരത്തുകളിലൂടെ ഓടിക്കും?മുന്നില്‍ നോക്കിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി എന്നെഴുതിയിട്ടുണ്ട്.അതുശരി, കെ.എസ്.ആര്‍.ടി.സിക്ക് എന്തും ആകാമെന്നോ! പിന്നെ സമൂഹമാദ്ധ്യമങ്ങളില്‍ നിയമം കെ.എസ്.ആര്‍.ടി.സി പാലിക്കുന്നില്ലേ എന്ന മട്ടില്‍ എഴുത്തോട് എഴുത്ത്. എല്ലാ ‘പോസ്റ്റ്മാന്‍’മാരുടെയും ശ്രദ്ധയ്ക്ക്: ഓടുന്നത് തിരുവനന്തപുരത്തുകാരുടെ സ്വന്തം ഡബിള്‍ ഡക്കര്‍ തന്നെയാണ്. പക്ഷേ, അത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവീനോ നായകനാകുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ പ്രചാരണത്തിനു വേണ്ടിയാണ് ബസ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ബസിന്റെ നിറം മാറ്റത്തിനു വേണ്ട നിയമപരമായ അനുവാദമൊക്കെ വാങ്ങിയാണ് നിര്‍മ്മാതാക്കള്‍ അതൊക്കെ ചെയ്തെതെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നത്. മാത്രമല്ല തിരിച്ചു തരുമ്ബോള്‍ പഴയ കോലത്തില്‍ തന്നെയാക്കി തരുമെന്നും അവര്‍ സമ്മതിച്ചിട്ടുണ്ട്.16 മുതല്‍ അഞ്ച് ദിവസത്തേക്കാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു ദിവസം ഒരു ലക്ഷം രൂപ വച്ച്‌ ആകെ അഞ്ച് ലക്ഷം രൂപ ലഭിക്കും. കെ.എസ്.ആര്‍.ടി.സിക്ക് ഇപ്പോള്‍ കഷ്ടകാലമാണ് അഞ്ച് ലക്ഷം കിട്ടിയാല്‍ ആത്രയുമായി. ഫോട്ടോ ഷൂട്ടിനും ആഘോഷങ്ങള്‍ക്കും ടീ പാര്‍ട്ടിക്കും കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഡബിള്‍ ഡക്കര്‍ ബസുകള്‍ ലഭിക്കും.

Comments (0)
Add Comment