ജംഷഡ്പുര്‍ എഫ്സിയുമായി സമനിലയില്‍ പിരിഞ്ഞു (1–-1).ഗ്രെഗ് സ്റ്റ്യുവര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പുരിന് സഹല്‍ അബ്ദുള്‍ സമദിലൂടെ ബ്ലാസ്റ്റേഴ്സ് മറുപടി നല്‍കി. തുടര്‍ച്ചയായ മൂന്നാംകളിയിലാണ് സഹല്‍ ഗോളടിക്കുന്നത്. 36–-ാം മിനിറ്റില്‍ അര്‍ഹിച്ച പെനല്‍റ്റി റഫറി അനുവദിക്കാത്തത് ബ്ലാസ്റ്റേഴ്സിന്റെ ജയം തടഞ്ഞു.സമനിലയോടെ പട്ടികയില്‍ 13 പോയിന്റുമായി മൂന്നാമതായി ബ്ലാസ്റ്റേഴ്സ്. രണ്ടാമതുള്ള ജംഷഡ്പുരിനും സമാന പോയിന്റാണ്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മുന്നേറി. മുംബൈ സിറ്റിയാണ് ഒന്നാമത് (15).14–-ാം മിനിറ്റിലാണ് സ്റ്റ്യുവര്‍ട്ട് ജംഷഡ്പുരിനെ മുന്നിലെത്തിച്ചത്. പിന്നാലെ സഹലിന്റെ സമനില ഗോള്‍ പിറന്നു. അല്‍വാരോ വാസ്കസ് തൊടുത്ത പന്ത് ജംഷഡ്പുര്‍ ഗോളി ടി പി രഹ്നേഷ് തടുത്തിട്ടു. പന്ത് കിട്ടിയത് സഹലിന്. ഇത്തവണ രഹ്നേഷിന് രക്ഷപ്പെടുത്താനായില്ല.പിന്നാലെ വാസ്കസ് ബോക്സില്‍നിന്നടിച്ച പന്ത് ലാല്‍ദിന്‍ലിയാനയുടെ കൈയ്യില്‍ തട്ടിയെങ്കിലും റഫറി പെനല്‍റ്റി നല്‍കിയില്ല. രണ്ടാംപകുതി മുന്നിലെത്താന്‍ ഇരുടീമുകളും ശ്രമിച്ചെങ്കിലും പിഴച്ചു. ജനുവരി രണ്ടിന് എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.