മുംബൈയുടെ 6-1ന്റെ പരിഹാസ പോസ്റ്റ്; പിന്നാലെ 3-0ത്തിന് വീഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ ചുട്ട മറുപടി

മുംബൈ സിറ്റി എഫ്സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മലയാളി ആരാധകരുടെ പൊങ്കാലയാണ്. അതിനൊരു കാരണവും ഉണ്ട്.ഇന്നലത്തെ പോരാട്ടത്തിന് രണ്ട് ദിവസം മുന്‍പ് മുംബൈ സിറ്റി അവഹേളനപരമായ പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ മുംബൈ ടീമിനെ വിറപ്പിച്ച്‌ ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചതോടെയാണ് ആരാധകര്‍ പൊങ്കാലയുമായി എത്തിയത്. 2018ല്‍ ബ്ലാസ്റ്റേഴ്‌സിനെ 6-1ന് തോല്‍പ്പിച്ചതിന്‍റെ സ്കോര്‍ കാര്‍ഡ് ഇട്ടായിരുന്നു രണ്ട് ദിവസം മുന്‍പ് മുംബൈ ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ചത്. ഇന്നലത്തെ മത്സരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് 3-0ന് ജയിച്ച സ്കോര്‍ ബോര്‍ഡിന്‍റെ ചിത്രം ക്ലബ് ട്വീറ്റ് ചെയ്തു. ഇതും സാമൂഹിക മാധ്യമങ്ങളില്‍ തരം​ഗം തീര്‍ത്തു.

പണ്ടത്തെ ഏതോ കണക്കും പറഞ്ഞ് മഞ്ഞപ്പടയെ തോണ്ടാനെത്തിയ മുംബൈയിലെ വമ്ബന്മാരുടെ ഹുങ്ക് തകര്‍ക്കുകയായിരുന്നു ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നും രണ്ടുമല്ല എണ്ണം പറഞ്ഞ മൂന്നടി മുംബൈയുടെ ഉറക്കം കെടുത്തി. ഒരു ജയത്തില്‍ മതി മറക്കരുതെന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പരിശീലകനാണ് വുകാമനോവിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്‍റെ ഈ ജയത്തിന് മഞ്ഞപ്പട ആരാധകര്‍ക്ക് മധുരമേറെ. ‍ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്ബ്യന്മാരായ മുംബൈ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ക്കുകയായിരുന്നു. 27ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. 47ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വസ് ലീഡുയര്‍ത്തി. 50ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ വീഴ്ത്തിയ മോര്‍ത്താദ ഫോള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് മുംബൈക്ക് പ്രഹരമായി. പെനാല്‍റ്റി ഗോളാക്കിയ ഹോര്‍ഗെ പെരേര ഡയസ് മഞ്ഞപ്പടയ്‌ക്കായി ജയം പൂര്‍ത്തിയാക്കി.ആറ് കളിയില്‍ ഒന്‍പത് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. മുംബൈക്കെതിരെ 2018 ജനുവരിക്ക് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്.

Comments (0)
Add Comment