ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി പോരാട്ടം

പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലായിരുന്ന ബംഗളൂരു കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്.സൂപ്പര്‍ താരം സുനില്‍ ഛേത്രി ഫോമിലേക്കുയര്‍ന്നതും ടീമിന് തുണയായിട്ടുണ്ട്.നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബംഗളൂരു. മറുവശത്ത് പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളത്തിന്റെ മഞ്ഞപ്പട. അതേസമയം ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ കൊവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.പല താരങ്ങളും ക്വാറന്റീനിലാണെന്ന് വെളിപ്പെടുത്തി കോച്ച്‌ ഇവാന്‍ വുകോവിച്ച്‌ രംഗത്തുവന്നിട്ടുണ്ട്. ബയോബബിള്‍ പൊളിഞ്ഞെന്നും ക്യാംപില്‍ കബഡി കളിക്കാന്‍ പാകത്തിലുള്ള വ്യക്തികള്‍ മാത്രമേയുള്ളുവെന്നും കോച്ച്‌ തുറന്നടിച്ചു. നിലവില്‍ കളിക്കാരുടെ ആരോഗ്യകാര്യത്തില്‍ താന്‍ ആശങ്കയിലാണെന്നും വുകാനോവിച്ച്‌ വ്യക്തമാക്കി.മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊവിഡ് ബാധ കാരണം മാറ്റിവച്ചിരുന്നു. നിലവില്‍ 11 മത്സരങ്ങള്‍ മാത്രമാണ് കേരളത്തിന് കളിക്കാനായത്. ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് 13ഉം രണ്ടാം സ്ഥാനത്തുള്ള ജംഷെഡ്പൂര്‍ എഫ്‌സി 12 ഉം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Comments (0)
Add Comment