ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ സൗജന്യ താമസ ഓപ്ഷനുകള്‍ ലഭിക്കുമെന്നോ നിങ്ങള്‍ക്കറിയാമോ?

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആശ്രമങ്ങളും മറ്റുമായി സൗജന്യ താമസമോ അല്ലെങ്കില് കുറഞ്ഞ ചിലവിലുള്ള താമസമോ ലഭിക്കുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ട്. ഹോട്ടലിലെല പോലുള്ള സൗകര്യങ്ങള്‍ ഒന്നും ലഭിക്കുകയില്ലെങ്കിലും ബജറ്റ് യാത്രയില്‍ ഇത് നിങ്ങള്‍ക്ക് വളരെ സഹായകമാകും എന്നതില്‍ സംശയം വേണ്ട. സൗജന്യമായി അല്ലെങ്കില്‍ വളരെ നാമമാത്രമായ വിലകളില്‍ താമസിക്കാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍ നോക്കാം.

ഗുരുദ്വാര ഭായ് മോഹകം സിംഗ് ജി, ദ്വാരക,

ഗുജറാത്തിലെ ദ്വാരകയില്‍ വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും സൗജന്യ താമസവും ഭക്ഷണവും പ്രദാനം ചെയ്യുന്ന ഗുരുദ്വാരയാണ് ഗുരുദ്വാര ഭായ് മോഹകം സിംഗ് ജി. വളരെയധികം വൃത്തിയില്‍ സംരക്ഷിക്കപ്പെടുന്ന സ്ഥലമായതിനാല്‍ രാത്രി ചെലവഴിക്കാന്‍ പറ്റിയ സ്ഥലമായിരിക്കും ഇത്.

ഗീത ഭവന്‍, ഋഷികേശ്

ഋഷികേശില്‍ സൗജന്യ താമസവും ഭക്ഷണവും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ഇവിടുത്തെ ഗീത ഭവന്‍. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും വേണ്ടി ഏകദേശം 1000 മുറികള്‍ ഉണ്ട്.

ആനന്ദാശ്രമം, കാഞ്ഞങ്ങാട്, കേരള

കേരളത്തിലെ ഒരു ആശ്രമത്തില്‍ സഞ്ചാരികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്കുന്നു എന്നുള്ളത് പലര്‍ക്കും പുതിയ ഒരറിവ് ആയിരിക്കും. കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ആനന്ദാശ്രമം സ്ഥിതി ചെയ്യുന്നത്. 1939ല്‍ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസാണ് ഈ ആശ്രമം സ്ഥാപിച്ചത്. ധ്യാനത്തിനും ആത്മീയപഠനങ്ങള്‍ക്കും ആനന്ദാശ്രമം ഏറെ പ്രസിദ്ധമാണ്. താല്പര്യമുള്ളവര്‍ക്ക് ധ്യാനിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

കാശി മുമുക്ഷു ഭവന്‍

2 ബെഡ് റൂമിന് 400 രൂപയില്‍ താഴെയുള്ള താമസ സൗകര്യം നല്‍കുന്ന ഒരു തരം ധര്‍മ്മശാലയാണിത്.

മണികരണ്‍ സാഹിബ് ഗുരുദ്വാര, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ സൗജന്യ താമസം ഒരുക്കുന്ന ഇടങ്ങളില്‍ ഒന്ന് ണികരണ്‍ സാഹിബ് ഗുരുദ്വാര ആണ്. ഇവിടെയുള്ള ഗുരുദ്വാര സന്ദര്‍ശകര്‍ക്ക് സൗജന്യ താമസവും പാര്‍ക്കിംഗും ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു. താമസസൗകര്യം ലഭിക്കുന്നവര്‍ ഇവടെ സന്നദ്ധ സേവനം നടത്തുന്നത് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നു.
ഗുരുദ്വാരയിലെ സേവകര്‍ ലങ്കാര്‍ സേവിക്കുന്നത് പോലെയുള്ള ചില അടിസ്ഥാന സേവനങ്ങള്‍ക്കായി സന്നദ്ധസേവനം നടത്താന്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം, നിങ്ങള്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലി തിരഞ്ഞെടുത്ത് അവിടെ എളുപ്പത്തില്‍ താമസിക്കാം.

ഗുരുദ്വാര സാഹിബ് ചയില്‍

ഹിമാചല്‍ പ്രദേശിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചൈല്‍. ഇവിടെയുള്ള ഗുരുദ്വാര സാഹിബ് സംസ്ഥാന സര്‍ക്കാരാണ് പരിപാലിക്കുന്നത് കൂടാതെ സന്ദര്‍ശകര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു.സ്വകാര്യ മുറികള്‍ കിട്ടുവാന്‍ ഇവിടെ പ്രയാസമാണ്. ഡോര്‍മിറ്ററി സൗകര്യം മതിയെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം.

ന്യിംഗ്മാപ മൊണാസ്ട്രി, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഒരു ചെറിയ പട്ടണവും തീര്‍ത്ഥാടന കേന്ദ്രവുമാണ് റെവല്‍സര്‍. റേവല്‍സര്‍ തടാകം എന്ന പേരില്‍ ഒരു തടാകമുണ്ട്. നിങ്ങള്‍ മാണ്ഡിയിലോ പരിസരത്തോ ആണെങ്കില്‍ കുറഞ്ഞ നിരക്കില്‍ ഈ ആശ്രമത്തില്‍ താമസിക്കാം. അവര്‍ സാധാരണയായി ഒരു രാത്രിക്ക് നിങ്ങളില്‍ നിന്ന് ₹300 ഈടാക്കുന്നു.

സാരാനാഥിലെ ആശ്രമങ്ങള്‍

ശ്രീലങ്കയിലെ മഹാബോധി സൊസൈറ്റിയുടെ കീഴിലുള്ള ധര്‍മ്മശാല, സാരാനാഥിലെ ആശ്രമം, ഒരു രാത്രിക്ക് 50 രൂപയ്ക്ക് കുറഞ്ഞ നിരക്കില്‍ താമസം വാഗ്ദാനം ചെയ്യുന്നു.
താങ്ങാനാവുന്ന വിലയില്‍ താമസം വാഗ്ദാനം ചെയ്യുന്ന മറ്റൊരു ആശ്രമമാണ് ന്യിംഗ്മാപ്പ ടിബറ്റന്‍ ബുദ്ധ വിഹാരം. സ്വകാര്യ കുളിമുറികളുള്ള മുറികളും ഇവിടെ കാണാം. 200 രൂപയാണ് ഒരു ദിവസത്തെ വാടക.

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍

നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍, മുന്‍കൂര്‍ അനുമതിയോടെ നിങ്ങള്‍ക്ക് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലൊന്നില്‍ താമസിക്കാം. ഈ അതിഥി മന്ദിരങ്ങള്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഉണ്ട് കൂടാതെ വളരെ കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു. കേരളത്തില്‍ ഇപ്പോള്‍ വളരെ കുറഞ്ഞ ചിലവില്‍ സര്‍ക്കാര്‍ വക അതിഥി മന്ദിരങ്ങള്‍ താമസ സൗകര്യത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.

Comments (0)
Add Comment