കഴിഞ്ഞിടെവരെ സ്റ്റീവ് സ്മിത്തായിരുന്നു ഓസീസ് ടീമിന്റെ വിശ്വസ്തനെങ്കില്‍ ഇപ്പോഴത് ലബ്യുഷെയ്‌നായിട്ടുണ്ട്.ക്ലാസിക് ശൈലിയും മത്സരത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള മികവും സ്ഥിരതയുമെല്ലാം ലബ്യുഷെയ്‌ന്റെ എടുത്തുപറയാവുന്ന ഗുണങ്ങളാണ്. നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്മാരെ പരിഗണിച്ചാല്‍ മുന്‍നിരയില്‍ത്തന്നെയാവും അദ്ദേഹത്തിന് സ്ഥാനം.
1
ഇപ്പോഴിതാ ക്രിക്കറ്റ് ഷോട്ടുകളിലെ രാജാക്കന്മാരായ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ലബ്യുഷെയ്ന്‍. ഓരോ ഷോട്ടും ഏറ്റവും മനോഹരമായി കളിക്കുന്ന വലം കൈ താരങ്ങളില്‍ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്ന് പറയാം. ഏറ്റവും മികച്ച കവര്‍ഡ്രൈവ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോലിയുടേതാണെന്നാണ് അദ്ദേഹം പറയുന്നത്. ഓഫ്‌സൈഡിലെത്തുന്ന പന്തുകളെ തന്റെ ടൈമിങ്ങിന്റെയും പ്രതിഭയുടെയും മികവുകൊണ്ട് ബൗണ്ടറി കടത്തുന്ന കോലിയുടെ പ്രകടനം പല തവണ ക്രിക്കറ്റ് ലോകത്തെ ആവേശം കൊള്ളിച്ചിട്ടുണ്ട്.
2
ഓഫ്‌സൈഡില്‍ എത്ര ഫീല്‍ഡര്‍മാരെ വിന്യസിച്ചാലും അതിനെ ഭേദിച്ച് ബൗണ്ടറി നേടാന്‍ കോലിക്ക് കഴിയും. ഓഫ്‌സൈഡ് ഷോട്ടുകളില്‍ കോലിയുടെ മികവ് ഒന്നുവേറെ തന്നെയാണെന്ന് പറയാം. എന്നാല്‍ സമീപകാലത്തായി പഴയ മികവിലേക്കെത്താന്‍ കോലിക്ക് സാധിക്കുന്നില്ല. ഇപ്പോള്‍ കവര്‍ഡ്രൈവിനായുള്ള കോലിയുടെ ശ്രമങ്ങളെല്ലാം വിക്കറ്റില്‍ കലാശിക്കുകയാണ്.ബാബര്‍ ആസമിന്റെ കവര്‍ഡ്രൈവിനെ ലബ്യുഷെയ്ന്‍ പരിഗണിച്ചില്ല. വിരാട് കോലിയേക്കാള്‍ മികച്ച കവര്‍ ഡ്രൈവ് ബാബറിന്റേതാണെന്നാണ് പാക് ആരാധകരുടെ വാദം. എന്തായാലും വലിയ പ്രതിഭയുള്ള താരങ്ങളിലൊരാളാണ് ബാബറും.
3
സ്‌ട്രൈറ്റ് ഡ്രൈവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പകരക്കാരനില്ലെന്നാണ് ലബ്യുഷെയ്ന്‍ പറയുന്നത്. സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് മികവിനെ എതിര്‍ ബൗളര്‍മാര്‍ പോലും കൈയടിച്ചിട്ടുണ്ടാവും. അത്രമേല്‍ മനോഹരമാണ് അദ്ദേഹത്തിന്റെ ഓരോ ഷോട്ടും. ഇനിയുമെത്രെ കാലം കഴിഞ്ഞാലും സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവിന്റെ മനോഹാരിതയെ കടത്തിവെട്ടുന്ന ഒരു താരമുണ്ടാവുമെന്ന് കരുതാനാവില്ല.
4
പുള്‍ ഷോട്ടില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെയാണ് ലബ്യുഷെയ്ന്‍ തിരഞ്ഞെടുത്തത്. ബൗളര്‍മാര്‍ ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കാനും ആക്രമിക്കാനും ഉപയോഗിക്കുന്ന ബൗണ്‍സറുകളെയും ഷോട്ട് ബോളുകളെയും അതിര്‍ത്തി കടത്തി ആനന്ദിക്കുന്ന പ്രതിഭയായിരുന്നു പോണ്ടിങ്. പുള്‍ഷോട്ടിലെ പോണ്ടിങ്ങിന്റെ ടൈമിങ്ങിനും കൃത്യതയ്ക്കുമാണ് കൈയടിക്കേണ്ടത്.
5
ഓഫ് ദി ലെഗ്‌സ് ഷോട്ടുകളില്‍ കേമന്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സനാണ് മിടുക്കനെന്നാണ് ലബ്യുഷെയ്ന്‍ പറയുന്നത്. ഉറച്ചനിലപാടുകളോടെ ബാറ്റ് ചെയ്യുന്ന താരങ്ങളില്‍ സഹതാരം സ്റ്റീവ് സ്മിത്തിനെയാണ് ലബ്യുഷെയ്ന്‍ തിരഞ്ഞെടുത്തത്. പല തവണ ഓസീസ് ടീമിന്റെ രക്ഷകനായിട്ടുള്ള അദ്ദേഹം കോപ്പിബുക്ക് ശൈലികളെ പൊളിച്ചെഴുതുന്ന ബാറ്റിങ് ശൈലിയുള്ള താരമാണ്.
6
എല്ലാ വികാരങ്ങളെയും നിയന്ത്രിച്ച് ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരം മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണെന്നാണ് ലബ്യുഷെയ്ന്‍ പറയുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിച്ച കാലിസ് ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. വിരമിച്ച ശേഷം പരിശീലക വേഷത്തിലും തിളങ്ങിയ അദ്ദേഹം എക്കാലത്തും യുവതാരങ്ങള്‍ക്കൊരു പാഠപുസ്തകമാണ്.
7
ഏറ്റവും മികച്ച ആഘോഷം ആന്‍ഡ്രൂ സൈമണ്‍സിന്റേതാണെന്നാണ് ലബ്യൂഷെയ്ന്‍ പറയുന്നത്. ഓസീസ് ടീമിലെ സ്പിന്‍ ഓള്‍റൗണ്ടറായിരുന്ന സൈമണ്‍സ് കളത്തിനകത്തും പുറത്തും നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ്. കറുത്തവര്‍ഗക്കാരനായ സൈമണ്‍സിനെ ഒരിക്കല്‍ ഹര്‍ഭജന്‍ സിങ് കുരങ്ങനെന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. ഓസീസിനായി മൂന്ന് ഫോര്‍മാറ്റിലും കളച്ചിട്ടുള്ള താരം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളായിരുന്നു.