സൂപ്പര്‍ കാറുകള്‍, പ്രൈവറ്റ് ജെറ്റ്… ഇതാ ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി

നൈജീരിയയില്‍ നിന്നുള്ള ഒരൊമ്ബതുകാരനെ പരിചയപ്പെടാം.ചെറിയ പുള്ളിയല്ല, സ്വന്തമായി വിമാനവും സൂപ്പര്‍ കാറുകളും ആഡംബര വീടുകളുമെല്ലാമുള്ള ഒന്നൊന്നര കക്ഷി. പേര് മുഹമ്മദ് അവാല്‍ മുസ്തഫ. മോംഫ ജൂനിയര്‍ എന്നും വിളിക്കും.നൈജീരിയയിലെ ലാഗോസില്‍ നിന്നുള്ള അതിസമ്ബന്നനും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമായ ഇസ്മയിലിയ മുസ്തഫയുടെ മകനാണ് മോംഫ ജൂനിയര്‍. ആറാം വയസ്സിലാണ് ആദ്യത്തെ മാന്‍സണ്‍ കുട്ടി സ്വന്തമാക്കിയത്. ഇതുമാത്രമല്ല, സ്വന്തം ജെറ്റില്‍ കറങ്ങുന്നതും പുള്ളിക്ക് ഹരമാണെന്ന് ദ സണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ലാഗോസിലെയും ദുബൈയിലെയും ബംഗ്ലാവുകള്‍ക്കിടയിലാണ് മിക്കവാറും സഞ്ചാരങ്ങള്‍. സാധാരണ കുട്ടികള്‍ ഗെയിം കളിച്ചു നടക്കുന്ന പ്രായത്തിലാണ് മോംഫയുടെ ആകാശ സഞ്ചാരം.

യെല്ലോ ഫെരാരി, ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍, റോള്‍സ് റോയ്‌സ് വ്രൈത്ത് തുടങ്ങി സൂപ്പര്‍ കാറുകളുടെ ഒരു നിര തന്നെ സ്വന്തമായുണ്ട്. വെര്‍സേസ്, ഗൂച്ചി തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സ്‌റ്റൈലിഷ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച്‌ തന്റെ സൂപ്പര്‍കാറുകള്‍ക്ക് അരികില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റുചെയ്തിരിക്കുന്നത്. ജെറ്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ഇന്‍സ്റ്റ അക്കൗണ്ടിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 29,800 പേരാണ് മോംഫ ജൂനിയറിനെ ഫോളോ ചെയ്യുന്നത്.1.1 ദശലക്ഷം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് മോംഫ സീനിയര്‍ എന്നറിയപ്പെടുന്ന പിതാവ് ഇസ്മയിലിയ മുസ്തഫ. ഈയിടെ നൈജീരിയന്‍ അധികൃതര്‍ ധനാപഹരണത്തിന് ഇദ്ദേഹത്തിനെതിരെ കേസെടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇസ്മലോബ് ഗ്ലോബല്‍ ഇന്‍വസ്റ്റ്‌മെന്റ് ലിമിറ്റഡ് കമ്ബനി ആറു ബില്യണ്‍ നൈറയുടെ തട്ടിപ്പു നടത്തി എന്നാണ് എകണോമിക് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ ക്രൈംസ് കമ്മിഷന്‍ പറയുന്നത്.

Comments (0)
Add Comment