ആക്രമണം ഉടന്‍ അവസാനിപ്പിക്കണം, ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം; പുടിനോട് മോദി

വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.യുക്രൈനുമായി ബന്ധപ്പെട്ട സൈനിക നടപടിയെ കുറിച്ച്‌ പുതിന്‍ പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് മോദി പുതിനെ ധരിപ്പിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പ്രത്യേകിച്ച്‌ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും പ്രധാനമന്ത്രി പങ്കുവെച്ചു. അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നുവെന്നും മോദി പുതിനെ അറിയിച്ചു. കാലിക വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെ നയതന്ത്ര സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളുടെ നേതാക്കളും പരസ്പരം സമ്മതിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.യുക്രൈയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങള്‍ എത്തിക്കാനാണ് ശ്രമം. കണ്‍ട്രോള്‍ റൂമിന്‍്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. യുക്രൈന്‍ എംബസിയിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കും. യുക്രൈയിന്‍്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 18,000 പേരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്.

Comments (0)
Add Comment