ചക്കക്കുരുവും ഉണക്ക ചെമ്മീനും ചേർത്ത്‌ മെഴുക്കു പുരട്ടി തയ്യാറാക്കി നോക്കിട്ടുണ്ടോ ഇന്ന് നമുക്ക്‌ അതൊന്ന് തയ്യാറാക്കി നോക്കാം

ചേരുവകൾ

ചക്കക്കുരു – 3 കപ്പ്‌

ഉണക്കച്ചെമ്മീൻ -1/2 കപ്പ്‌

ചതച്ച മുളക് -1 1/2 ടേബിൾ സ്പൂൺ

വെളുത്തുള്ളി ചതച്ചത് -5 അല്ലി

ചെറിയ ഉള്ളി ചതച്ചത് -15 എണ്ണം

മഞ്ഞൾ പ്പൊടി -1/2 ടീസ്പൂൺ

കറി വേപ്പില -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

▪️ ഉണക്ക ചെമ്മീൻ തലയും വാലും ഒക്കെ കളഞ്ഞു നന്നായിട്ട് കഴുകി വെള്ളം ഊറ്റികളയുക. വെള്ളത്തിന്റെ അംശം കുറച്ചു ബാക്കി ഉണ്ടാവും . അത്‌ കൂടി കളയാനായി ചെറിയ തീയിൽ വെച്ചു ചൂടാക്കിയെടുക്കണം.

അതിനു ശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചെറുതായിട്ട് ഒന്നു മൂപ്പിച്ചെടുക്കണം. ഇനി ഇതു മാറ്റി വെക്കാം.

▪️ ചക്കക്കുരു കുക്കറിൽ ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത ശേഷം മീഡിയം തീയിൽ ഒരു വിസിൽ വന്ന ശേഷം പ്രഷർ ഒക്കെ നന്നായി പോയ ശേഷം തുറക്കാം.
ഇപ്പൊ ചക്കക്കുരു വെന്തിട്ടുണ്ട്.

▪️ ഇനി നമുക്ക് മെഴുക്കുപുരട്ടി തയ്യാറാക്കാം. ആദ്യം ചൂടായി കിടക്കുന്ന പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണ നന്നായിട്ട്‌ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കാം. കടുക് നന്നായി പൊട്ടിയ ശേഷം ഉള്ളി ചതച്ചതും, വെളുത്തുള്ളി ചതച്ചതും, കറി വേപ്പിലയും ഇട്ടു കൊടുത്ത് നന്നായി വഴറ്റിയെടുക്കാം.അതിനു ശേഷം ചതച്ച മുളകും, മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്ത് പച്ച മണം മാറുന്ന വരെ വഴറ്റാം.ഇനി വേവിച്ചു വെച്ച ചക്കക്കുരു കൂടി ചേർത്തു കൊടുത്ത് മിക്സ്‌ ചെയ്യാം.ഇനി ഉണക്ക ചെമ്മീനും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ച ശേഷം ചെറിയ തീയിൽ ഒരു 2 മിനിറ്റ് മൂടി വെച്ചു ആവി കയറ്റാം.അതിനു ശേഷം കുറച്ചു പച്ച വെളിച്ചെണ്ണയും വേപ്പിലയും ഇട്ടു കൊടുത്തു മിക്സ് ചെയ്‌തു തീ ഓഫ് ചെയ്യാം.മൂടി വെച്ചു കുറച്ചു സമയത്തിന് ശേഷം കഴിക്കാം.

Comments (0)
Add Comment