ബുദ്ധികൊണ്ട് കളിക്കുന്ന ക്ലാസിക് പ്രകടനത്തേക്കാളുപരിയായി കടന്നാക്രമിക്കുന്ന ചില ഒറ്റയാള്‍ പ്രകടനങ്ങളാണ് ടി20 ഫോര്‍മാറ്റില്‍ മത്സരഫലത്തെ മാറ്റിമറിക്കുക.ഇന്ത്യയുടെ ടി20 ടീമിലേക്ക് വരുമ്ബോള്‍ അങ്ങനെ കണ്ണും പൂട്ടി വീശാന്‍ കെല്‍പ്പുള്ളവര്‍ കുറവാണെന്ന് തന്നെ പറയാം. മധ്യനിരയിലേക്ക് വരുമ്ബോള്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരൊക്കെയാണ് ഇന്ത്യയുടെ നിലവിലെ വമ്ബനടിക്കാര്‍.ഹര്‍ദിക് പാണ്ഡ്യയും ഇതില്‍ ഉള്‍പ്പെടും. ഇഷാന്‍ കിഷനും രോഹിത് ശര്‍മയുമെല്ലാം ടോപ് ഓഡറിലെ വമ്ബനടിക്കാരാണെന്ന് പറയാം. എന്നാല്‍ ടി20യില്‍ അവസാന ഓവറില്‍ 19 റണ്‍സ് എത്ര ഇന്ത്യന്‍ താരങ്ങള്‍ക്ക് അടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ചരിത്രം ചികയുമ്ബോള്‍ മൂന്ന് താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. മത്സരഫലത്തെ മാറ്റിമറിക്കുന്ന 20ാം ഓവറില്‍ 19 റണ്‍സ് നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
രോഹിത് ശര്‍മ
ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ നേട്ടം സ്വന്തമാക്കിയവരില്‍ ഒരാള്‍. ഇന്ത്യക്കാരില്‍ ആദ്യമായി ഇൗ നേട്ടത്തിലേക്കെത്തിയത് രോഹിത്താണ്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു രോഹിത്തിന്റെ ഈ പ്രകടനം. ലഖ്‌നൗവില്‍ നടന്ന മത്സരത്തിലാണ് രോഹിത്തിന്റെ ഈ വെടിക്കെട്ട്. ഓപ്പണറായി ഇറങ്ങിയ രോഹിത് സെഞ്ച്വറിയോടെ പുറത്താവാതെ നിന്നു. രോഹിത്തിന്റെ കരിയറിലെ നാലാം അന്താരാഷ്ട്ര ടി20 സെഞ്ച്വറി കൂടിയായിരുന്നു ഇത്.കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് എറിഞ്ഞ അവസാന ഓവറിലാണ് രോഹിത് വെടിക്കെട്ട് നടത്തിയത്. ആദ്യ പന്തില്‍ കെ എല്‍ രാഹുല്‍ രോഹിത്തിന് സ്‌ട്രൈക്ക് കൈമാറി. തുടരെ മൂന്ന് ബൗണ്ടറിയും അഞ്ചാം പന്തില്‍ സിക്‌സും അവസാന പന്തില്‍ ഒരു റണ്‍സുമാണ് രോഹിത് ശര്‍മ നേടിയത്. മത്സരത്തില്‍ 61 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 111* റണ്‍സാണ് രോഹിത് നേടിയത്.
ദീപക് ചഹാര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ദീപക് ചഹാര്‍. സമീപകാലത്തായി മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ദീപക്കിന് സാധിച്ചിട്ടുണ്ട്. ഭേദപ്പെട്ട ബാറ്റിങ് നടത്തുന്ന താരം 2021ലെ ന്യൂസീസലന്‍ഡ് പരമ്ബരയിലാണ് ഈ നേട്ടത്തിലേക്കെത്തിയത്. പരമ്ബരയിലെ മൂന്നാം മത്സരത്തിലാണ് ദീപക്കിന്റെ വെടിക്കെട്ട്. എട്ട് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ ദീപക് പുറത്താവാതെ നിന്നു. ആദം മില്‍നെയെറിഞ്ഞ 20ാം ഓവറിലെ ആദ്യ രണ്ട് പന്തും ബൗണ്ടറി മൂന്നാം പന്തില്‍ ഡബിള്‍ നാലാം പന്ത് സിക്‌സ്, അഞ്ചാം പന്തില്‍ ഡബിള്‍ അവസാന പന്തില്‍ സിംഗിള്‍ എന്നിങ്ങനെയാണ് ദീപക്കിന്റെ വെടിക്കെട്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ദീപക്.
സൂര്യകുമാര്‍ യാദവ്
ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായി ചുരുങ്ങിയ കാലംകൊണ്ട് മാറിയ താരമാണ് സൂര്യകുമാര്‍ യാദവ്. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അദ്ദേഹം. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കരുത്തുള്ള സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയവനാണ്. ഓര്‍ത്തഡോക്‌സ് ഷോട്ടുകളുടെ പൊളിച്ചെഴുത്ത് തന്നെയാണ് സൂര്യയുടെ ബാറ്റിങ്.ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പരമ്ബരയിലെ മൂന്നാം മത്സരത്തിലൂടെയാണ് സൂര്യകുമാര്‍ യാദവ് ഈ നേട്ടത്തിലേക്കെത്തിയത്. അഞ്ചാമനായി ക്രീസിലെത്തി 31 പന്തില്‍ പുറത്താവാതെ 65 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഇതില്‍ ഒരു ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. 20ാം ഓവര്‍ എറിയാനെത്തിയ റൊമാരിയോ ഷിഫേര്‍ഡിനെയാണ് സൂര്യ പഞ്ഞിക്കിട്ടത്. മൂന്ന് സിക്‌സും ഒരു സിംഗിളുമാണ് അദ്ദേഹം നേടിയത്.