”മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ 2.5 കോടിയുടെ വികസനം”

”പോത്തന്‍കോട് : മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിന്‍റെ 107 -ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ 2.5 കോടി രൂപയുടെ സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് വി. ശശി എം.എല്‍.എ. പൂര്‍വ്വ വിദ്യാര്‍ത്ഥി യും, ആര്‍ക്കിടെക്റ്റുമായ സൈജു മുഹമ്മദ് സ്കൂളിനു വേണ്ടി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സ്വീകരിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

ആകെ തുകയുടെ 80 ശതമാനവും സര്‍ക്കാരില്‍ നിന്നും, എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും, ബാക്കി 20 ശതമാനം തുക പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇങ്ങനെ ബഹുനില മന്ദിരമുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വിദ്യാലയമാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥിയായ റിട്ട. എസ്.പി. എന്‍. ഗോപാലകൃഷ്ണന്‍ ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി.ലൈല, പഞ്ചായത്ത് സെക്രട്ടറി ജ്യോതിസ്, ഈശ്വരവിലാസം യു.പി. സ്കൂള്‍ മാനേജര്‍ രാമഭദ്രന്‍, പ്രധാനാധ്യാപിക സാഹിറാ, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍, ബിജു കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മഞ്ജുളകുമാരി നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മംഗലപുരം ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരവും, വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഈ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന അന്തരിച്ച മുഹമ്മദ് ബഷീറിന്‍റെ സഹധര്‍മ്മിണിയെ ചടങ്ങില്‍ ആദരിച്ചു.

107 -ാം വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തകനും, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷെഹീന്‍ വരുന്ന അധ്യയന വര്‍ഷം സ്കൂള്‍ ബസ് നിരത്തിലിറക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. പഞ്ചായത്ത് അംഗം അജയരാജ് ഭക്ഷ്യമേള ഉത്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ മണ്‍സൂര്‍ മംഗലപുരം, എം.പി.റ്റി.എ. പ്രസിഡന്‍റ് മുംതാസ്, പി.ടി.എ. വൈസ് പ്രസിഡന്‍റ് യാസ്മിന്‍, സെക്രട്ടറി രാധിക തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്കു പുറമേ ഗാനരചയിതാവും, ഗായകനുമായ അജയ് വെള്ളരിപ്പണ നയിച്ച കരോക്കെ ഗാനമേള, മാസ്റ്റര്‍ വിഷ്ണു അവതരിപ്പിച്ച കരകൗശല ചിത്രപ്രദര്‍ശനം, മാജിക് ഷോ എന്നിവയും ഉണ്ടായിരിന്നു.”

Comments (0)
Add Comment