യുക്രെയിനിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് 7000 റഷ്യന്‍ സൈനികര്‍

യുക്രെയിനിന്റെ തന്ത്രപ്രധാന തുറമുഖനഗരമായ മരിയുപോളില്‍ മാത്രമായി 2400ല്‍ ഏറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കണക്കുകള്‍ ഇനിയും ഉയരാന്‍ സാദ്ധ്യതയുള്ളതായി അധികൃതര്‍ പറയുന്നു.

പതിമൂന്ന് ദിവസമായി വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ മരിയുപോളിലെ ജനങ്ങള്‍ വലയുകയാണ്. ഏകദേശം നാലു ലക്ഷത്തോളം ജനങ്ങള്‍ ഇപ്പോഴും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ കാര്‍കീവിലെ പ്രധാന മാര്‍ക്കറ്റ് റഷ്യന്‍ ആക്രമണത്തില്‍ കത്തിനശിച്ചു.യുദ്ധത്തില്‍ യുക്രെയിനിന്റെ പ്രത്യാക്രമണത്തില്‍ ഏഴായിരത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പതിനാലായിരത്തില്‍ അധികം സൈനികര്‍ക്ക് പരിക്കേറ്റു.റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയ മരിയുപോള്‍ മേയറെ വിട്ടുകിട്ടുന്നതിനായി പിടികൂടിയ ഒന്‍പത് സൈനികരെ യുക്രെയിന്‍ കൈമാറി. റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിളിച്ചത് അംഗീകരിക്കാനും ക്ഷമിക്കാനുമാവില്ലെന്ന് റഷ്യന്‍ ഭരണകൂടം പ്രതികരിച്ചു.തന്റെ രാജ്യത്തിന്റെ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി ചെറുത്തുനില്‍പ്പ് തുടരുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളുടെ സഹായം തേടുന്നത് തുടരും. യുദ്ധം അവസാനിച്ചാല്‍ ഉടന്‍ തന്നെ രാജ്യം വീണ്ടും പടുത്തുയര്‍ത്തുമെന്നും സെലന്‍സ്‌കി പറഞ്ഞു.റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അടിയന്തര യോഗം ചേരണമെന്ന് യു എസ്, യു കെ, ഫ്രാന്‍സ്, അല്‍ബേനിയ, നോര്‍വെ, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. റഷ്യന്‍ അധിനിവേശത്തെ പിന്തുണച്ച ബെലാറൂസിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ കാനഡ തീരുമാനിച്ചു.യുക്രെയിനില്‍ റഷ്യന്‍ ആക്രമണം ശക്തമാകുന്നതിനിടെ റഷ്യ എത്രയും പെട്ടെന്ന് യുക്രെയിനിലെ അധിനിവേശ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. യുക്രെയിന്‍ ഭരണകൂടം കിഴക്കന്‍ യുക്രെയിനിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ വംശഹത്യ നടത്തുന്നതാണ് റഷ്യന്‍ സൈനിക നടപടിക്ക് കാരണമെന്ന റഷ്യന്‍ ഭരണകൂടത്തിന്റെ വാദം കോടതി തള്ളി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര കോടതി പറഞ്ഞു.13 വോട്ടുകളുടെ പിന്തുണയോടെയാണ് കോടതി യുക്രെയിന് അനുകൂലമായ വിധി പാസാക്കിയത്. റഷ്യ, ചൈന എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജഡ്ജിമാര്‍ വിധിയെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യന്‍ ജഡ്‌ജി ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി. .യുദ്ധം ആരംഭിച്ചത് മുതല്‍ നിക്ഷ്പക്ഷ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇതിന് വിപരീദമായാണ് ദല്‍വീര്‍ ഭണ്ഡാരി വോട്ട് രേഖപ്പെടുത്തിയത്.റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി യുദ്ധം നടത്തുന്നുവെന്ന യുക്രെയിന്റെ പരാതിയിലാണ് കോടതിയുടെ നിര്‍ണായക വിധി.

Comments (0)
Add Comment