പ്രീമിയര്‍ ലീഗിലെ നൂറാം ഗോള്‍ തന്റെ മരിച്ച കുഞ്ഞിന് സമര്‍പ്പിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

34 ാം മിനിറ്റില്‍ ഗോള്‍ നേടിയ ശേഷം ഇടത് കൈ ഉയര്‍ത്തി ആകാശത്തേക്ക് ചൂണ്ടിയാണ് റൊണാള്‍ഡോ പൊന്നോമനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.ആണ്‍കുഞ്ഞ് പ്രസവത്തിന് പിന്നാലെ മരിച്ച വിവരം ക്രിസ്റ്റിയാനോ റൊണോള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.റൊണാള്‍ഡോയുടെ ഇരട്ടകുട്ടികളില്‍ ഒരാളാണ് മരിച്ചത്.ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ ആഴമുള്ള ദുഖത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ഞങ്ങളുടെ കുഞ്ഞ് മരിച്ചു. ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണിത്.പെണ്‍കുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ച്‌ പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ഞങ്ങള്‍ക്ക് ശക്തി നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അവരുടെ എല്ലാ വിദഗ്ധ പരിചരണത്തിനും പിന്തുണക്കും നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ ആണ്‍കുഞ്ഞ് മാലാഖക്കുഞ്ഞാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്നേഹത്തോടെ സ്മരിക്കുമെന്നും റൊണോള്‍ഡോ പറഞ്ഞു.തനിക്കും ഭാര്യ ജോര്‍ജിന റൊഡ്രിഗസിനും ജനിക്കാനിരിക്കുന്നത് ഇരട്ടക്കുട്ടികളാണെന്ന് റൊണാള്‍ഡോ മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജോര്‍ജിന ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് പ്രസവശേഷം മരിച്ചത്. ഈ ഭൂമിയിലേക്കെത്തിയ തന്റെ പെണ്‍കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന വസ്തുതയാണ് കടുത്ത വേദനയ്ക്കിടയിലും ആശ്വാസം പകരുന്നതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.പ്രീമിയര്‍ ലീഗില്‍ ആന്‍ഫീല്‍ഡില്‍ കളി കാണാനെത്തിയ എല്ലാവരും മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ എഴുന്നേറ്റ് നിന്ന് റൊണാള്‍ഡോക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ആദരാഞ്ജലി അര്‍പ്പിക്കുകയും 60 സെക്കന്റ് കൈയടിക്കുകയും ചെയ്തു.ആന്‍ഫീല്‍ഡില്‍ തന്റെ കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിച്ച ലിവര്‍പൂള്‍ ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നന്ദി പറഞ്ഞു.

Comments (0)
Add Comment