അത്ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയ സിറ്റിക്കും ബെന്‍ഫിക്കയോട് സമനില വഴങ്ങിയ ലിവര്‍പൂളിനും തുണയായത് ആദ്യ പാദത്തിലെ ജയമാണ്.ഇവരുടെ ജയത്തോടെ സെമിഫൈനല്‍ ലൈനപ്പായി.അഗ്രിഗേറ്റ് സ്കോറില്‍ നാലിനെതിരെ ആറ് ഗോളിനാണ് ലിവര്‍പൂളിന്റെ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനായി ഇരട്ട ഗോള്‍ നേടി. ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിലെത്തിയ ശേഷമാണ് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. സെമിയില്‍ വിയ്യാറയലാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചാണ് വിയ്യാറയല്‍ സെമിയിലെത്തിയത്.മാഡ്രിഡില്‍ നടന്ന അത്ലറ്റികോ മാഡ്രിഡ് – മാഞ്ചസ്റ്റര്‍ സിറ്റി മത്സരം സമനിലയിലാണ് കലാശിച്ചത്. ആദ്യ പാദത്തില്‍ 1-0ന് നേടിയ വിജയമാണ് സിറ്റിയെ സെമിയില്‍ എത്തിച്ചത്. റയല്‍ മാഡ്രിഡിനെയാണ് സെമിയില്‍ സിറ്റി നേരിടുക. ചെല്‍സിയെ തോല്‍പിച്ചാണ് റയല്‍ സെമി ബര്‍ത്ത് സ്വന്തമാക്കിയത്.