കാലിത്തീറ്റ പരിശോധനയ്ക്ക് നിയമം കൊണ്ടുവരും: മന്ത്രി ചിഞ്ചുറാണി,കേരള ഫീഡ്സിന്‍റെ സെമിനാര്‍ പരമ്പരയ്ക്ക് തുടക്കമായി

തിരുവനന്തപുരം: കാലിത്തീറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മായം തടയാനും നിയമനിര്‍മ്മാണം നടത്തുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. മായം ചേര്‍ന്ന കാലിത്തീറ്റ വിപണിയില്‍ സജീവമാകുകയും കന്നുകാലികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന നിലവിലെ സാഹര്യം കണക്കിലെടുത്താണ് നടപടി.

കാലിത്തീറ്റ ഗുണമേന്മയും വിലക്കുറവും ലഭ്യതയും’ എന്ന വിഷയത്തില്‍ കേരള ഫീഡ്‌സ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയുടെ ആദ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്ന മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പ് ആസൂത്രണ വിഭാഗം  ജോയിന്‍റ് ഡയറക്ടര്‍ കെ ശശികുമാറും കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി ശ്രീകുമാറും സമീപം.  

അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ‘കാലിത്തീറ്റ ഗുണമേന്‍മയും വിലക്കുറവും ലഭ്യതയും’ എന്ന വിഷയത്തില്‍ കേരള ഫീഡ്സ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയുടെ ആദ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന് കീഴിലുള്ള കേരള ഫീഡ്സും മില്‍മയും മികച്ച അസംസ്കൃത വസ്തുക്കള്‍ കൊണ്ടാണ് ഗുണമേന്‍മയേറിയ കാലിത്തീറ്റ നിര്‍മ്മിക്കുന്നത്. സ്വകാര്യ കാലിത്തീറ്റ ഉത്പ്പാദകര്‍ ഇവയ്ക്കെതിരെ കുപ്രചാരണം നടത്തുന്നുണ്ട്.  

2019 മുതല്‍ കേരള ഫീഡ്സും മില്‍മയും കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. ക്ഷീര കര്‍ഷകരെ പിന്തുണയ്ക്കുന്നതിന് 2023 വരെ വില വര്‍ദ്ധിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് മൂലധനമെന്നോണം ഒരു പശുവിന് ഇരുപതിനായിരം രൂപ എന്ന ക്രമത്തില്‍  ഒരുലക്ഷത്തി അറുപതിനായിരം രൂപവരെ ഈടില്ലാത്ത വായ്പ നാലു ശതമാനം പലിശയില്‍ ഉടനെ ലഭ്യമാക്കും. പാലിനുള്ള ഇന്‍സെന്‍റീവ് ക്ഷീര കര്‍ഷകരുടെ അക്കൗണ്ടിലെത്തിക്കും. കന്നുകാലികള്‍ക്ക് ആരോഗ്യകാര്‍ഡും ടാഗും ലഭ്യമാക്കി ക്ഷീരകര്‍ഷകരെ ശാക്തീകരിച്ച് മേഖലയെ ഉത്തേജിപ്പിക്കുന്നതിന് ഏഴരക്കോടി രൂപ ചെലവിലുളള പദ്ധതിക്ക് പത്തനംതിട്ടയില്‍ തുടക്കമിടും. വിജയകരമായാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
മലപ്പുറം ജില്ലയില്‍ 58 കോടിരൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാല്‍പ്പൊടി ഫാക്ടറി ആറുമാസത്തിനകം യാഥാര്‍ത്ഥ്യമാകും. സൈലേജ് ഉള്‍പ്പെടെയുള്ള തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും. പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സങ്കരയിനം പശുക്കളെ വളര്‍ത്തുന്നതിനുള്ള ബീജവും ലഭ്യമാക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
 കേരള ഫീഡ്സിന്‍റെ വിപണന ശൃംഖല വിപുലമാക്കുന്നതില്‍  ഫോഡര്‍ പ്രമോട്ടേഴ്സിനും വിമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കേഴ്സിനും മുഖ്യ പങ്കുവഹിക്കാനാകുമെന്ന്  അദ്ധ്യക്ഷനായിരുന്ന ക്ഷീരവികസന വകുപ്പ് ആസൂത്രണ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ കെ ശശികുമാര്‍  പറഞ്ഞു. കാലിത്തീറ്റ ഉത്പ്പാദനത്തില്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. മായമില്ലാത്ത കാലിത്തീറ്റയാണ് കേരള ഫീഡ്സിന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സ്വകാര്യ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വില കൂടുതലുള്ള കാലിത്തീറ്റയ്ക്ക് പകരം സംസ്ഥാന സര്‍ക്കാരിന്‍റെ  ഗുണമേന്‍മയുള്ള കേരള ഫീഡ്സ് കാലിത്തീറ്റ ഉപയോഗിക്കുവാനുള്ള അവബോധം സൃഷ്ടിക്കുകയാണ് ക്ഷീരവികസന വകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും സഹകരണത്തോടെ നടത്തുന്ന സെമിനാര്‍ പരമ്പരയുടെ ലക്ഷ്യമെന്ന് കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി ശ്രീകുമാര്‍ പറഞ്ഞു.   ഗുണമേന്‍മയുള്ള വിലകുറഞ്ഞ കേരള ഫീഡ്സ് ഉത്പന്നങ്ങള്‍ എല്ലാ ക്ഷീരകര്‍ഷകരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ഫോഡര്‍ പ്രമോട്ടേഴ്സ്, വിമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കേഴ്സ് അംഗങ്ങളെ പങ്കെടുപ്പിച്ചാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ഉത്പന്നങ്ങളെയും വ്യവസായത്തെയും ഗുണമേന്‍മയെയും വിപണനത്തെയും കുറിച്ചും ബോധവല്‍ക്കരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
കേരള ഫീഡ്സ് മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ ജയചന്ദ്രന്‍ ബി, മാര്‍ക്കറ്റിംഗ് വിഭാഗം ഡപ്യൂട്ടി മാനേജര്‍ ഷൈന്‍ എസ് ബാബു എന്നിവര്‍ കേരള ഫീഡ്സിന്‍റെ ഉത്പന്നങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്‍റ് മാനേജര്‍ ഡോ.അനുരാജ് കെ എസ് ഗുണമേന്‍മയെക്കുറിച്ചും ടാലന്‍റസ് എച്ച്ആര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിധിന്‍ കൃഷ്ണ  വിപണന തന്ത്രത്തെക്കുറിച്ചും വ്യക്തമാക്കി.
തലസ്ഥാനത്ത് നടന്ന ആദ്യ സെമിനാറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഫോഡര്‍ പ്രമോട്ടേഴ്സും വിമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കേഴ്സും പങ്കെടുത്തു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രതിനിധികള്‍ക്കുള്ള സെമിനാര്‍ 27 ന് തൃശൂരില്‍ നടക്കും.

Comments (0)
Add Comment