സ്പാനിഷ് ലാ ലീഗ കിരീടം രാജകീയമായി ഉറപ്പിച്ചു റയല്‍ മാഡ്രിഡ്

റയല്‍ മാഡ്രിഡ് ചരിത്രത്തിലെ 35 മത്തെ ലീഗ് കിരീടം ആണ് ഇത്.പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് റയല്‍ കളത്തില്‍ ഇറങ്ങിയത്. ആദ്യ പകുതിയില്‍ 33, 43 മിനിറ്റുകള്‍കളില്‍ ഗോള്‍ കണ്ടത്തിയ ബ്രസീലിയന്‍ താരം റോഡ്രിഗോ റയലിന് മികച്ച തുടക്കം ആണ് നല്‍കിയത്. മാഴ്സെലോയുടെ പാസില്‍ നിന്നു ആദ്യ ഗോള്‍ നേടിയ റോഡ്രിഗോ രണ്ടാം ഗോള്‍ ഹെരേരയുടെ പിഴവില്‍ നിന്നാണ് നേടിയത്. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ എസ്പന്യോളിന്റെ ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ തിരിച്ചടിച്ചു. ലൂക മോഡ്രിച്ച്‌, കാമവിങ്ക എന്നിവര്‍ തുടങ്ങി വച്ച കൗണ്ടര്‍ അറ്റാക്ക് 55 മത്തെ മിനിറ്റില്‍ ലക്ഷ്യം കണ്ട അസന്‍സിയോ റയല്‍ മാഡ്രിഡ് ജയം ഉറപ്പിക്കുക ആയിരുന്നു.അവസാന ഇരുപതു മിനിറ്റുകളില്‍ കരീം ബെന്‍സെമയെയും വിനീഷ്യസ് ജൂനിയറിനെയും ആഞ്ചലോട്ടി കളത്തില്‍ ഇറക്കി. 81 മത്തെ മിനിറ്റില്‍ വിനീഷ്യസിന്റെ പാസില്‍ നിന്നു ഗോള്‍ കണ്ടത്തിയ ബെന്‍സെമ റയലിന്റെ കിരീടധാരണം രാജകീയമാക്കി. അതുഗ്രന്‍ നീക്കം തന്നെ ആയിരുന്നു ഇതും. കിരീട നേട്ടത്തോടെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് പിറകെ സ്‌പെയിനിലും ലീഗ് കിരീടം ഉയര്‍ത്തുക എന്ന അപൂര്‍വ നേട്ടം റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി കൈവരിച്ചു.അതേസമയം റയല്‍ മാഡ്രിഡ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമായി ബ്രസീലിയന്‍ താരം മാഴ്സെലോ മാറി. റയല്‍ കരിയറില്‍ മാഴ്സെലോയുടെ 24 മത്തെ കിരീടം ആണ് ഇത്. 26 ലാ ലീഗ കിരീടങ്ങള്‍ ഉള്ള ബാഴ്‌സലോണയും ആയുള്ള അകലം 9 കിരീടങ്ങള്‍ ആക്കാനും റയലിന് ഇതോടെ ആയി.

Comments (0)
Add Comment