തിരുവനന്തപുരം: ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ടില്‍ (ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇകോസിസ്റ്റം റിപ്പോര്‍ട്ട് -ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്‍റ് (താങ്ങാവുന്ന വേതനത്തില്‍ മികച്ച പ്രതിഭകളെ ലഭിക്കുന്ന) വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ നാലാം സ്ഥാനവും കേരളം നേടി.
സ്റ്റാര്‍ട്ടപ്പ് ജീനോം, ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് നെറ്റ് വര്‍ക്ക് എന്നിവ സംയുക്തമായാണ് ജിഎസ്ഇആര്‍ തയ്യാറാക്കുന്നത്. ലണ്ടന്‍ ടെക് വീക്കിന്‍റെ പശ്ചാത്തലത്തിലായിരുന്നു റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്.280 സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെയും 30 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയ്യാറാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടാണിത്. പ്രവര്‍ത്തനമികവ്, നിക്ഷേപം, വാണിജ്യബന്ധങ്ങള്‍, വിപണി ശേഷി, വിഭവ ആകര്‍ഷണം, പരിചയസമ്പന്നത, പ്രതിഭ എന്നിവയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലെ മാനദണ്ഡം. വിശദമായ പഠനത്തിന് ശേഷം 140 റാങ്കുകളാണ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തുന്നത്.2020 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അഫോര്‍ഡബിള്‍ ടാലന്‍റ് വിഭാഗത്തില്‍ കേരളത്തിന്‍റെ സ്ഥാനം ഏഷ്യയില്‍ അഞ്ചാമതും ലോക റാങ്കിംഗില്‍ ആദ്യ 20 ലുമായിരുന്നു.കൊവിഡ് പ്രതിസന്ധി തരണം ചെയ്ത് കേരള സ്റ്റാര്‍ട്ടപ്പ് സമൂഹം മികച്ച വളര്‍ച്ച കൈവരിച്ചത് ആവേശം നല്‍കുന്ന കാര്യമാണെന്ന് സ്റ്റാര്‍ട്ടപ്പ് ജീനോമിന്‍റെ സ്ഥാപകനും പ്രസിഡന്‍റുമായ മാര്‍ക്ക് പെന്‍സല്‍ പറഞ്ഞു. ലോകത്തിലെ നൂതനാശയദാതാക്കളുടെയും സ്റ്റാര്‍ട്ടപ്പ് സമൂഹ നേതൃനിരയുടെയും വിപുല ശൃംഖല വളര്‍ത്തിയെടുക്കുന്നതില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്ന സഹകരണം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്റ്റാര്‍ട്ടപ്പ് രംഗത്ത് കെഎസ് യുഎം നടത്തുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ജിഎസ്ഇആര്‍ റിപ്പോര്‍ട്ടെന്ന് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. കേരളത്തിലെ ടെക് മേഖലയിലുള്ള അഭ്യസ്തവിദ്യര്‍ക്ക് മികച്ച അവസരം ആഗോളതലത്തില്‍ ലഭിക്കാന്‍ ഈ റിപ്പോര്‍ട്ട് സഹായിക്കും. കൂടുതല്‍ വിദേശ നിക്ഷേപം കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ എത്താനും ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അഫോര്‍ഡബിള്‍ ടാലന്‍റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനു പുറമേ വെഞ്ച്വര്‍ നിക്ഷേപങ്ങള്‍ ഏറ്റവുമധികം ലഭിച്ച വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. നിക്ഷേപ സമാഹരണത്തിലെ ഉയര്‍ന്നു വരുന്ന സമൂഹം, മികവ്, പ്രതിഭ, പരിചയസമ്പന്നത, എന്നീ വിഭാഗങ്ങളില്‍ ആദ്യ 30 സ്ഥാനങ്ങളില്‍ കേരളം ഇടം പിടിച്ചിട്ടുണ്ട്.2019-21 കാലഘട്ടത്തില്‍ 1037.5 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥാ മൂല്യം നേടാന്‍ കേരളത്തിന് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകളുടെ ശൈശവദശയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആകര്‍ഷണീയമായ ഇളവുകള്‍ മറ്റിടങ്ങളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകളെ സംസ്ഥാനത്തേക്കെത്തിക്കാന്‍ സഹായിച്ചു. റോബോട്ടിക്സ്, നിര്‍മ്മിതബുദ്ധി, ബിഗ് ഡാറ്റ, അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍ എന്നീ മേഖലകളെ ഉയര്‍ത്തിക്കാട്ടാനും കേരളത്തിന് സാധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.