സൗദിയും തുര്‍ക്കിയും ഒറ്റക്കെട്ടാകുന്നു

സൗദിയും തുര്‍ക്കിയും ഐക്യത്തിന്റെയും സമവായത്തിന്റെയും പാതയിലേക്ക് വരികയാണ്. ഇതാകട്ടെ, ആഗോള സമൂഹം ഉറ്റുനോക്കുകയും ചെയ്യുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുര്‍ക്കി സന്ദര്‍ശിക്കും. തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ മാസം 22ന് ബിന്‍ സല്‍മാന്‍ അങ്കാറയിലെത്തുമ്ബോള്‍ ലോക രാജ്യങ്ങളുടെ സഖ്യത്തില്‍ പുതിയ മാറ്റം വരികയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ….

1

മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ ശക്തരാണ് തുര്‍ക്കി. അതേസമയം, മുസ്ലിം രാജ്യങ്ങളുടെ അപ്രഖ്യാപിത നേതാവായിട്ടാണ് സൗദി അറേബ്യയുടെ ഇടപെടല്‍. ജിസിസി രാജ്യങ്ങളില്‍ സൗദിയുടെ തീരുമാനമാണ് അന്തിമം. ഇടക്കാലത്ത് ഭിന്നസ്വരം ഉയര്‍ത്തിയതാണ് ഖത്തറിനെതിരായ ഉപരോധങ്ങള്‍ക്ക് പിന്നിലെ ഒരു കാരണം. ജിസിസിയില്‍ ഐക്യം വീണ്ടും വന്നിരിക്കുന്നു. എല്ലാ രാജ്യങ്ങളുമായും ഐക്യത്തിന്റെ പാത സ്വീകരിക്കാനാണ് സൗദിയുടെ തീരുമാനം.

2

മുസ്ലിം രാജ്യങ്ങളില്‍ ഏക ആണവ ശക്തി പാകിസ്താനാണ്. പാകിസ്താനെ കൂടെ നിര്‍ത്താന്‍ എപ്പോഴും സൗദി അറേബ്യ ശ്രദ്ധിക്കാറുണ്ട്. സാമ്ബത്തിക പ്രതിസന്ധിയിലായ പാകിസ്താനെ സഹായിക്കാന്‍ ആദ്യമെത്തുന്നതും സൗദിയാണ്. എന്നാല്‍ സമീപ കാലത്ത് പാകിസ്താന്‍ പലപ്പോഴും തുര്‍ക്കിയുടെ നിലപാടിനൊപ്പമാണ് നിന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

3

കശ്മീര്‍, റോഹിന്‍ഗ്യ തുടങ്ങിയ വിഷയങ്ങളില്‍ പാകിസ്താനും തുര്‍ക്കിക്കും ഒരേ നിലപാടാണ്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ കശ്മീര്‍ വിഷയത്തില്‍ ജിസിസി രാജ്യങ്ങള്‍ നിലപാട് സ്വീകരിച്ചിട്ടില്ല. ഇന്ത്യയ്‌ക്കെതിരായ നീക്കം പാകിസ്താന്‍ സജീവമാക്കിയിട്ടുണ്ടെങ്കിലും സൗദിയും യുഎഇയുമുള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ ആ വലയില്‍ വീഴാറില്ല.

4

ഇന്ത്യയില്‍ അടുത്തിടെയുണ്ടായ ബിജെപി നേതാവിന്റെ പ്രവാചക നിന്ദ പരാമര്‍ശം ഗള്‍ഫ് രാജ്യങ്ങളിലും വലിയ വിവാദമായിരുന്നു. ഖത്തറാണ് ആദ്യം രംഗത്തുവന്നത്. സൗദി അറേബ്യയും യുഎഇയും പരാമര്‍ശത്തെ അപലിപ്പിച്ചെങ്കിലും നേതാവിനെതിരെ ബിജെപി എടുത്ത നടപടി അവര്‍ സ്വാഗതം ചെയ്തു. എന്നാല്‍ കടുത്ത ഭാഷയില്‍ തുര്‍ക്കിയും പാകിസ്താനും ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

മിയ ജോര്‍ജിന്റെ പുതിയ ചിത്രം സൂപ്പര്‍ അശ്വിന്‍ തിളങ്ങിയെന്ന് ആരാധകര്‍…

5

പ്രവാചകന്റെ മരണ ശേഷം ഇസ്ലാമിക ലോകത്തിന്റെ നേതൃത്വം മറ്റുപല രാജ്യങ്ങളിലേക്കും മാറിയിരുന്നു. ഏറെ കാലം ഇറാഖിലെ ബഗ്ദാദ് കേന്ദ്രമായിട്ടാണ് മുസ്ലിം രാജ്യങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നത്. പിന്നീട് അത് തുര്‍ക്കി കേന്ദ്രമായി. തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിന്റെ പതനം ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ചു. സാമ്ബത്തികമായി സൗദി ശക്തരായതോടെ വീണ്ടും മുസ്ലിം ലോകത്തെ നിയന്ത്രിക്കാന്‍ സൗദിക്ക് പിന്നീട് സാധിച്ചിരുന്നു.

6

പല കാര്യങ്ങളിലും സൗദിയും തുര്‍ക്കിയും വിരുദ്ധ ചേരിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വച്ച്‌ കൊല്ലപ്പെട്ടത് ബന്ധം കൂടുതല്‍ വഷളാക്കി. സൗദിയുടെ ചാരന്മാര്‍ ഖഷോഗിയെ രഹസ്യമായി കൊന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന് പിന്നിലെ ആസൂത്രണം ബിന്‍ സല്‍മാനാണെന്നും ആരോപണം ഉയര്‍ന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞിരിക്കുകയാണ്.

7

ഈ മാസം 22ന് ബിന്‍ സല്‍മാന്‍ തുര്‍ക്കിയിലെത്തും. തുര്‍ക്കി-സൗദി ബന്ധം പുതിയ ദിശയിലേക്ക് മാറുകയാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഒട്ടേറെ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. യൂറോപ്പില്‍ അതിവേഗം പുരോഗതിയിലേക്ക് കുതിച്ച രാജ്യമായിരുന്ന തുര്‍ക്കി സമീപ കാലത്ത് സാമ്ബത്തികമായി തിരിച്ചടി നേരിടുന്നുണ്ട്. ഇതില്‍ നിന്ന് കരകയറാനാണ് സൗദിയുമായി ബന്ധം ശക്തമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രിലില്‍ ഉര്‍ദുഗാന്‍ സൗദി സന്ദര്‍ശിച്ചിരുന്നു.

Comments (0)
Add Comment