ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്‍െറ ഭാഗമായി ആദ്യ ഐ2യു2 (I2U2) ഉച്ചകോടിക്ക് തുടക്കമാകുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി യെയ‍്‍‍ര്‍ ലാപിഡ്, യുഎഇ പ്രസിഡന്‍റ് മൊഹമ്മദ് ബിന്‍ സയ്യിദ് അല്‍-നഹ്യാന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഈ കൂട്ടായ്മയുടെ ഭാഗമായി രാജ്യത്തലവന്‍മാര്‍ ആദ്യമായാണ് ഒത്തുചേരുന്നത്. കഴിഞ്ഞ വര്‍ഷം വരെ വിദേശകാര്യ മന്ത്രിമാരുടെ തലത്തിലാണ് ഒത്തുചേര്‍ന്നിരുന്നത്. വെസ്റ്റ് ഏഷ്യന്‍ ക്വാഡ് (West Asian Quad) എന്നറിയപ്പെടുന്ന ഈ ഉച്ചകോടിയില്‍ യുക്രൈയിനിലെ അധിനിവേശം, ഇറാന്‍ ആണവ കരാര്‍, പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയെല്ലാം ചര്‍ച്ചയാവും.

എന്തുകൊണ്ട് ഐ2യു2

ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നാണ് ഐ2യു2 കൊണ്ട് അര്‍ഥമാക്കുന്നത്. 2021ല്‍ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇസ്രയേലില്‍ ചേര്‍ന്ന ഈ യോഗത്തെ പിന്നീട് സാമ്ബത്തിക സഹകരണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

എന്താണ് ലക്ഷ്യം?

നാല് രാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. സാമ്ബത്തിക സഹകരണം മെച്ചപ്പെടുത്തുക, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കൂട്ടായ്മയായി പ്രവര്‍ത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു. പ്രധാനമായും 6 കാര്യങ്ങളിലുള്ള സഹകരണമാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. വെള്ളം, ഊര്‍ജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സംയുക്ത നിക്ഷേപം മെച്ചപ്പെടുത്തും.അടിസ്ഥാന വികസന മേഖലകളിലെ ആധുനികവല്‍ക്കരണം, വ്യവസായങ്ങളുടെ പരിസ്ഥിതി സൌഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തല്‍, പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, ഹരിത സാങ്കേതികവിദ്യയുടെ പ്രോത്സാഹനം എന്നിവയെല്ലാം ഉച്ചകോടിയില്‍ ചര്‍ച്ചയാവും. നാല് രാജ്യങ്ങള്‍ക്കും സംയുക്തമായി എന്ത് ചെയ്യാനാകുമെന്നാണ് പ്രധാനമായും ആലോചിക്കുക.

ബന്ധങ്ങള്‍ ശക്തമാക്കല്‍

ലോകത്തെ പ്രധാന ശക്തികളുമായി അമേരിക്കയുടെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായുള്ള ജോ ബൈഡന്‍ ഭരണകൂടത്തിന്‍െറ ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ഉച്ചകോടി നടക്കുന്നതെന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. മേഖലയുടെ വികസനത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ചൈനയുടെ സ്വാധീനം അവസാനിപ്പിക്കുന്നതിനും യുഎസ് ലക്ഷ്യമിടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേലിന്‍െറ ബന്ധം ശക്തിപ്പെടുത്തുകയെന്നതും മറ്റൊരു ലക്ഷ്യമാണ്.

ഇന്ത്യയുടെ സ്വാധീനം ഉയര്‍ത്തുക

മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മയുടെ കൂടി ഭാഗമായി പ്രവര്‍ത്തിച്ച്‌, ഇതിലൂടെ പശ്ചിമ ഏഷ്യയിലെ രാജ്യങ്ങള്‍ക്കിടയില്‍ സ്വാധീനം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കും. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയില്‍ ജിസിസിയുമായി സഹകരിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. മേഖലയില്‍ നിന്ന് വലിയ വരുമാനം നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം ഊര്‍ജ്ജ മേഖലയിലും ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

Comments (0)
Add Comment