ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം സജ്ജമാക്കി ടാന്‍സാനിയ

ടാന്‍സാനിയയുടെ ബ്രോഡ്ബാന്‍ഡ് സംരംഭത്തിന് കീഴില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5,900 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കിളിമഞ്ചാരോയിലാണ് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നിലവില്‍ വന്നത്. പര്‍വതത്തിന്റെ മുകളില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് ഇനി ലോകമെമ്ബാടും ആശയവിനിമയം നടത്താനാകുമെന്ന് ടാന്‍സാനിയന്‍ വിവര വിനിമയ മന്ത്രി നേപ് നൗയെ വ്യക്തമാക്കി.ടാന്‍സാനിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്ബനിയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ആസൂത്രണം ചെയ്ത് നല്‍കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ സഞ്ചാരികള്‍ക്ക് ലോകത്തെ വിവിധ ഭാഗങ്ങളുമായി ഉടന്‍ സംവദിക്കാന്‍ കഴിയുമെന്ന് നൗയ് ഉറപ്പ് നല്‍കി. സമുദ്രനിരപ്പില്‍ നിന്ന് 3,720 മീറ്റര്‍ ഉയരത്തിലുള്ള ഹൊറോംബോ ഹട്ട്സ് ക്യാമ്ബ്സൈറ്റില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്ഥാപിക്കുന്നതോടെ നാഷണല്‍ ഐസിടി ബ്രോഡ്ബാന്‍ഡ് ബാക്ക്ബോണ്‍ (എന്‍ഐസിടിബിബി) പദ്ധതി പൂര്‍ത്തിയാകുമെന്ന് നൗയ് പറഞ്ഞു.

ആഫ്രിക്കയുടെ മേല്‍ക്കൂര എന്ന് അറിയപ്പെടുന്ന കിളിമഞ്ചാരോയില്‍ ഇന്റര്‍നെറ്റ് സൗകര്യം സജ്ജമാക്കുന്നതോടെ ടെലികോം രംഗത്ത് വന്‍ കുതിപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇ-ലേണിംഗ്, ഇ-ഹെല്‍ത്ത്, ഇ-കോമേഴ്‌സ്, ഇ-ഗവര്‍ണമെന്റ് തുടങ്ങിയ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ സംരംഭങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് എന്‍ഐസിടിബിബി ലക്ഷ്യമിടുന്നത്.

കിളിമഞ്ചാരോ പര്‍വതാരോഹര്‍ക്ക് 1,860 മീറ്ററിന് ശേഷം ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിച്ചിരുന്നില്ല. ആപല്‍ഘട്ടങ്ങളില്‍ പോലും ഇവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയുമായിരുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും അതിവേഗ ഇന്റര്‍നെറ്റ്.

Comments (0)
Add Comment