ലോകചരിത്രത്തില്‍ പേര് കൊത്തിവയ്ക്കപ്പെട്ട വ്യക്തികള്‍ ഇന്നിന്റെ മനുഷ്യരിലൂടെ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്ന ‘തീര്‍പ്പ്’ മികച്ചൊരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ്. ഡാര്‍ക്ക് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ മികച്ചൊരു അനുഭവം തന്നെയാകും പ്രേക്ഷകരിലേക്ക് എത്തിക്കുകയെങ്കിലും എല്ലാവര്‍ക്കും സിനിമ എളുപ്പത്തില്‍ ദഹിക്കണമെന്നില്ല. മുരളി ഗോപിയുടെ എഴുത്തറിയാവുന്നവര്‍ അതുതന്നെ പ്രതീക്ഷിച്ച് തിയേറ്ററുകളില്‍ എത്തണം. കാരണം മുരളി ഗോപി- രതീഷ് അമ്ബാട്ട് ഫ്ളേവര്‍ തീര്‍പ്പിലും പ്രത്യക്ഷമായി തന്നെ കാണാന്‍ സാധിക്കും.അഞ്ച് കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യേക സാഹചര്യത്തില്‍ ഒന്നിക്കുന്ന നാല് സുഹൃത്തുക്കള്‍. അവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് തീര്‍പ്പിന്റെ ഇതിവൃത്തം. കഴിഞ്ഞകാലം വളരെയധികം വേദനിപ്പിച്ച, ദ്രോഹിപ്പിച്ച, തകര്‍ന്ന ഒരു മനുഷ്യനായുള്ള പൃഥ്വിരാജിന്റെ പകര്‍ന്നാട്ടം വളരെ മികവുറ്റതാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഒന്നില്‍ക്കൂടുതല്‍ പാളികളുള്ളവരാണ്. ഒരു മനുഷ്യനില്‍ തന്നെ മറ്റനേകം മനുഷ്യരെ പേറി ജീവിക്കുന്നവര്‍.ചതിയും വഞ്ചനയും പ്രതികാരവും കര്‍മഫലവുമെല്ലാം മനുഷ്യരെപ്പോലെ തന്നെ തീര്‍പ്പിലെ കഥാപാത്രങ്ങളാണ്. വളരെയധികം ആഴമുള്ള സിനിമയാണ് തീര്‍പ്പ്. ഉദ്വേഗജനകമായ രംഗങ്ങളോ ട്വിസ്റ്റുകളോ ഇല്ലാതെ തന്നെ പ്രേക്ഷകരെ ശ്വാസമടക്കിപ്പിടിച്ചിരുത്താന്‍ സിനിമയ്ക്ക് കഴിയും.തന്റെ കര്‍മ്മത്തിന്റെ ഫലം തനിക്ക് തന്നെ ലഭിക്കുമെന്ന സന്ദേശം ചിത്രത്തിലൂടനീളമുണ്ട്. പൃഥ്വിരാജിന് പുറമെ, വിജയ് ബാബുവും ചിത്രത്തില്‍ സ്കോര്‍ ചെയ്യുന്നുണ്ട്. വളരെ മികച്ച പ്രകടനമാണ് താരവും കാഴ്ചവച്ചിരിക്കുന്നത്. ചരിത്രപുസ്തകത്തിലേക്ക് ഒരെത്തിനോട്ടം തന്നെയാണ് സിനിമ. ഹിറ്റ്ലറെയും മുസോളിനിയെയും ജോസഫ് സ്റ്റാലിനെയും ഗാന്ധിയെയും ഡയാന രാജകുമാരിയെയും ഝാന്‍സി റാണിയെയുമെല്ലാം ചിത്രത്തില്‍ കാണാം. പൃഥ്വിരാജിനും വിജയ് ബാബുവിനും പുറമെ സൈജു കുറുപ്പ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാല്‍, ഹന്ന റെജി കോശി എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് ചുറ്റുമാണ് സിനിമ വലംവയ്ക്കുന്നത്. സിദ്ധിഖ്, ശ്രീകാന്ത് മുരളി, മാമുക്കോയ, ശ്രീലക്ഷ്മി, ഷാജു ശ്രീധര്‍ എന്നിവരാണ് തീര്‍പ്പിലെ മറ്റ് പ്രധാന താരങ്ങള്‍.’തീര്‍പ്പ്’ ഒരു റഫറല്‍ മൂവിയാണ്. മുസോളിനി, ഹിറ്റ്ലര്‍ തുടങ്ങിയവരുടെ റെഫറന്‍സ് ചിത്രത്തിലുണ്ട്. കഥാപാത്രങ്ങള്‍ ഇവരായി മാറുകയാണോ എന്ന് തോന്നാം. നരസിംഹ റാവു, നരേന്ദ്ര മോദി, ചെഗുവേര, സാഫ്ദര്‍ ഹാഷ്മി, എന്‍ ടി ആര്‍, കപില്‍ ദേവ്, ധ്യാന്‍ചന്ദ്, മുയമ്മര്‍ ഗദ്ദാഫി, സദ്ദാം ഹുസൈന്‍ എന്നിവരെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ശിവസേനയും സിറിയന്‍ യുദ്ധവും, മനുഷ്യക്കടത്തും, ഇസ്ലാം വിരുദ്ധതയും, ബാബറി മസ്ജിദ് തകര്‍ക്കലും അയോദ്ധ്യയുമെല്ലാം ചിത്രം പറഞ്ഞുവയ്ക്കുന്നു. കഥാപാത്രത്തിന്റെ പേരുകള്‍ പോലും ഓരോ സൂചനകളും ചരിത്രത്തിലേക്കുള്ള റഫറന്‍സുമാണ്.ഒരൊറ്റ ലോക്കേഷനിലാണ് ‘തീര്‍പ്പ്’ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് എടുത്തുപറയേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച എത്രത്തോളമാണ് എന്നത് സിനിമ കാണിച്ചുതരുന്നു. സിനിമയുടെ സംഗീതവും കളര്‍ ഗ്രേഡിംഗുമെല്ലാം തീര്‍പ്പിന് മികച്ചൊരു ത്രില്ലര്‍ മൂഡ് നല്‍കുന്നുണ്ട്. ബാക്ക് ഗ്രൗണ്ട് സ്കോറും ടൈറ്റില്‍ ട്രാക്കും പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുമെന്ന് തീര്‍ച്ച. സിനിമയിലെ ചില ഡയലോഗുകള്‍ കൈയടി നേടുന്നുണ്ട്. ഇന്നിന്റെ രാഷ്ട്രീയത്തെയും മനുഷ്യരുടെ കാഴ്ചപ്പാടുകളെയും സിനിമ ചോദ്യം ചെയ്യുന്നു. പൊളിറ്റിക്കല്‍ കറക്‌ട്നെസ്, പൊളിറ്റിക്കലി റോംഗ് എന്ന പദങ്ങള്‍ തീര്‍പ്പിന്റെ ആശയം വ്യക്തമാക്കുന്നതില്‍ പങ്കുവഹിക്കുന്നു.കമ്മാരസംഭവം, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മുരളി ഗോപി, രതീഷ് അമ്ബാട്ട് എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് ‘തീര്‍പ്പ്’. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്ബാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുനില്‍ കെ എസിന്റേതാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതവും പാട്ടിന് വരികളെഴുതിയതും സംഗീതവും മുരളി ഗോപിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിച്ചു. പൊളിറ്റിക്കല്‍ ത്രില്ലര്‍ അല്ലെങ്കിലും രാഷ്ട്രീയവും ചരിത്രവും കോര്‍ത്തിണക്കിയ ചിത്രമാണ് ‘തീര്‍പ്പ്’. വിധികല്‍പ്പന അഥവാ തീര്‍പ്പ് എന്ന വാക്കിന് സിനിമയില്‍ ഏറെ അര്‍ത്ഥങ്ങളുണ്ട്.