പരിഭ്രാന്തി ഉയര്‍ത്തി ഇറ്റലിയിലെ പൊ നദിയില്‍ കണ്ടെത്തിയത് ഉഗ്രസ്ഫോടന സാധ്യതയുള്ള രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ്

മാണ്ടുവ(ഇറ്റലി): കനത്ത വരള്‍ച്ചയില്‍ നദി വറ്റിയതാണ് 450 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്താന്‍ കാരണമായത്.പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുകയും ചെയ്ത അധികൃതര്‍ ബോംബ് നിര്‍വീര്യമാക്കുകയും നിയന്ത്രിതമായ സ്ഫോടനത്തോടെ പൂര്‍ണമായും നശിപ്പിക്കുകയും ചെയതു. മത്സ്യത്തൊഴിലാളികളാണ് ബോംബ് നദിയില്‍ കണ്ടത്.മാണ്ടുവക്കടുത്ത് ബോര്‍ഗൊ വിര്‍ഗീലിയൊ എന്ന ഗ്രാമമായിരുന്നു സമീപത്തെ ആള്‍താമസമുള്ള പ്രദേശം. ഇവിടെ നിന്നും 3000 ആളുകളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള വ്യോമയാനം, റെയില്‍വേ അടക്കമുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞാണ് ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് ബോര്‍ഗൊ വിര്‍ഗീലിയൊ മേയര്‍ ഫ്രാന്‍സെസ്കൊ അപോര്‍ടി പറഞ്ഞു.നിര്‍വീര്യമാക്കിയ ബോംബ് 45 കിലോമീറ്റര്‍ അകലെയുള്ള മെഡോള്‍ മുനിസിപ്പാലിറ്റിയിലെ ക്വാറിയില്‍ എത്തിക്കുകയും നിയന്ത്രിതമായ സ്ഫോടനത്തോടെ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തെന്ന് കേണല്‍ മാര്‍കോ നാസി പറഞ്ഞു.70 വര്‍ഷത്തിലെ ഏറ്റവും ഭീകരമായ വരള്‍ച്ചയാണ് ഇറ്റലിയിലിപ്പോള്‍. രാജ്യത്തെ ഏറ്റവും നീളമേറിയ നദിയായ ‘പൊ’ വറ്റിയത് പ്രതിസന്ധി കൂട്ടിയിരിക്കുകയാണ്. വരള്‍ച്ചയെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Comments (0)
Add Comment