മെല്‍ബണ്‍ : ടാസ്മാനിയന്‍ ടൈഗറിനെ ( തൈലാസീന്‍ ) തിരികെ കൊണ്ടുവരാനുള്ള ശതകോടി ഡോളര്‍ പദ്ധതിയ്ക്ക് തുടക്കമിട്ട് യു.എസിലെയും ഓസ്ട്രേലിയയിലെയും ഗവേഷകര്‍.സ്വദേശമായ ടാസ്മാനിയയില്‍ തന്നെ ഇവയെ വീണ്ടും അവതരിപ്പിക്കാനാണ് ശാസ്ത്രലോകം ലക്ഷ്യമിടുന്നത്. ജനിതക എന്‍ജിനിയറിംഗില്‍ വിദഗ്ദ്ധരായ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോളോസല്‍ ബയോസന്‍സസ് എന്ന കമ്ബനിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.ഒരു ദശാബ്ദത്തിനുള്ളില്‍ ടാസ്മാനിയന്‍ ടൈഗറിനെ തിരികെ കൊണ്ടുവരാനായേക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഓസ്ട്രേലിയയിലെ ‘ തൈലാസീന്‍ ഇന്റഗ്രേറ്റഡ് ജെനറ്റിക്സ് റീസ്റ്റോറേഷന്‍ റിസേര്‍ച്ച് ലാബ്” നേരത്തെ ഇവയുടെ ജീനോം ശ്രേണീകരിച്ചിരുന്നു.എലിയോട് സാദൃശ്യമുള്ള സഞ്ചി മൃഗങ്ങളായ ഫാറ്റ് ടെയ്‌ല്‍ഡ് ഡന്നാര്‍ട്ടുകളില്‍ നിന്ന് സെല്‍ ശേഖരച്ച് ടാസ്മാനിയന്‍ ടൈഗറിന്റെ ഡി.എന്‍.എയ്ക്കൊപ്പം ജീന്‍ എഡിറ്റിംഗിന് വിധേയമാക്കി ടാസ്മാനിയന്‍ ടൈഗറിന്റെ കോശങ്ങളാക്കി മാറ്റിയേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ശേഷം സ്റ്റെംസെല്ലില്‍ നിന്ന് ടാസ്മാനിയന്‍ ടൈഗറിന്റെ എംബ്രിയോ സൃഷ്ടിക്കാനായാല്‍ ദൗത്യം വിജയിക്കും. എന്നാല്‍ ഇതത്ര എളുപ്പമല്ല.ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ സഞ്ചിമൃഗങ്ങളായിരുന്ന ടാസ്മാനിയന്‍ ടൈഗറുകള്‍ മാംസഭുക്കുകളായിരുന്നു. ചെന്നായ്, കുറുക്കന്‍, കടുവ എന്നിവയുടെ ഒരു സങ്കര രൂപമായിരുന്നു ഇക്കൂട്ടര്‍ക്ക്. ചെറിയ കങ്കാരുക്കളെയും മറ്റ് സഞ്ചിമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയിരുന്നു.2000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ ഉടനീളം ഇവയുണ്ടായിരുന്നു. മനുഷ്യന്റെ വേട്ടയാടലും മറ്റും ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചു. പിന്നീട് ടാസ്മാനിയന്‍ ദ്വീപില്‍ മാത്രം വിരലിലെണ്ണാവുന്നതായി മാറി. മനുഷ്യന്റെ വേട്ടയാടലും പകര്‍ച്ചവ്യാധികളും ഇവയുടെ എണ്ണത്തെ വീണ്ടും കുറച്ചു. ഒടുവില്‍ പൂര്‍ണമായും വംശനാശം സംഭവിച്ചു. രാത്രികാലങ്ങളിലാണ് ടാസ്മാനിയന്‍ ടൈഗറുകള്‍ ഇര തേടിയിറങ്ങിയിരുന്നത്.1936 സെപ്റ്റംബര്‍ 7ന് മനുഷ്യരുടെ സംരക്ഷണത്തില്‍ ജീവിച്ച അവസാനത്തെ ടാസ്മാനിയന്‍ ടൈഗര്‍ എന്ന് കരുതുന്ന ‘ ബെഞ്ചമിന്‍ ” ലോകത്ത് നിന്ന് വിടപറഞ്ഞിരുന്നു. ഭൂമിയില്‍ മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അവസാനത്തെ ടാസ്മാനിയന്‍ ടൈഗറാണിത്. ഇതോടെ ടാസ്മാനിയന്‍ ടൈഗറര്‍ എന്ന സ്പീഷീസ് വംശനാശം സംഭവിച്ചതായി രേഖപ്പെടുത്തുകയായിരുന്നു.എന്നാല്‍, ഇവയെ വനാന്തരങ്ങളില്‍ കണ്ടെന്നുള്ള അവകാശവാദങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടാസ്മാനിയന്‍ കാടുകളിലെവിടെയെങ്കിലും ഇവ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ടാസ്മാനിയന്‍ ടൈഗറുകള്‍ ജീവിച്ചിരിക്കുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല.