കാന്തപുരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പാഠ്യപദ്ധതി പരിഷ്‌കരണം വിശ്വാസികളുടെ ആശങ്ക പരിഹരിച്ച് നടപ്പിലാക്കും


തിരുവനന്തപുരം: സംസ്ഥനത്തെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍. വിദ്യാഭ്യാസ കരിക്കുലം-കരട്-നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച് വിശ്വാസി സമൂഹത്തിന്റെ ആശങ്ക പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി ക്ലിഫ്ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പാഠ്യപദ്ധയി പരിഷകരണ കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കരട് റിപ്പോര്‍ട്ടും നിവേദനത്തിലെ ആശങ്കകളും ഗൗരവ പൂര്‍വം പരിശോധിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാഠ്യപദ്ധതി പരിഷ്‌കരണ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യാഖ്യാനിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന ചില പരാമര്‍ശങ്ങള്‍ കരടില്‍ കടന്നു കൂടിയിട്ടുണ്ട്. ഇതിന് പുറമെ സ്‌കൂള്‍ അധികൃതരും പി ടി എയും വ്യാഖ്യാനിച്ചു രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും പ്രകോപിതരാക്കാനുമുള്ള സാധ്യതയുണ്ട്. മത വൈവിധ്യങ്ങളും സാംസ്‌കാരിക വൈജാത്യങ്ങളും യാഥാര്‍ഥ്യമാണെന്നിരിക്കെ കരിക്കുലം ഈ അടിസ്ഥാന ആശയത്തെ നിരാകരിക്കുന്നതാകരുത്. നാം കാലങ്ങളായി കാത്തുസൂക്ഷിച്ചു വരുന്ന സംസ്‌കൃതിയെയും കുടും ബന്ധങ്ങളെയും നമ്മുടെ അളവില്‍ ഉള്‍കൊള്ളുന്നില്ലെന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വിദ്യാഭ്യാസ പദ്ധതികള്‍ പൂര്‍ണമായും പ്രയോഗവത്കരിക്കല്‍ കേരളത്തിന് അനുയോജ്യമല്ല. സ്ത്രീ സമൂഹത്തിന് മതിയായ പരിഗണനയും നീതിയും ബഹുമാനവും ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ആണും പെണ്ണും ഒന്നിച്ചിരുന്നത് കൊണ്ട് രാജ്യത്ത് പുരോഗതി ഉണ്ടാക്കാനും ലൈംഗിക അതിക്രമങ്ങളെ തടയാനും കഴിയില്ല. പകരം അരാജകത്വവും അസ്വസ്ഥക്കും ഇത് കാരണമായി തീരുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലിംഗ സമത്വമെന്ന വാദം തന്നെ അശാസ്ത്രീയമാണ്. സ്‌കൂള്‍ സമയ മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കരട് രേഖയില്‍ സൂചനയുണ്ട്. നിലവിലെ ധാര്‍മിക വിദ്യാഭ്യാസത്തിന് തടസ്സം വരാത്ത രീതിയില്‍ ഇത് ക്രമീകരിക്കണം. ഡിജിറ്റല്‍ യുഗത്തില്‍ മൂല്യ തകര്‍ച്ച സംഭവിച്ച സാമൂഹിക ഇടപെടല്‍, മനുഷ്യബന്ധങ്ങള്‍, സഹകരണം, സഹവര്‍ത്തിത്വം എന്നിവയെ പാഠ്യപദ്ധതിയില്‍ സംബോധന ചെയ്യണം. വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ ഏകീകരിക്കാനുള്ള നിര്‍ദേശം നടപ്പിലാക്കുമ്പോള്‍ നിലവില്‍ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നില നിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം, സാമൂഹിക ശാസ്ത്ര വിദ്യാഭ്യാസത്തില്‍ സനാതന ധാര്‍മിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്തണം, ലിംഗ സമത്വം ദുര്‍വ്യാഖ്യാനത്തിന് അവസരമൊരുക്കുന്നത് ഒഴിവാക്കണം, കരട് നിര്‍ദേശങ്ങള്‍ അന്തിമമാക്കുന്നതിനുമുമ്പ് കേരള മുസ്‌ലിം ജമാഅത്ത് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍:
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നു

എ സൈഫുദ്ദീന്‍ ഹാജി
സംസ്ഥാന സെക്രട്ടറി
കേരള മുസ്‌ലിം ജമാഅത്ത്
7736408090, 9447050605

Comments (0)
Add Comment