പിറന്ന മണ്ണില്‍ കോടിയേരിക്ക് അന്ത്യാഭിവാദ്യം,ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

മുദ്രാവാക്യങ്ങളോടെയാണ് മൃതദേഹം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു. പ്രിയ സഖാവിനെ ഒരു നോക്കുകാണാന്‍ ടൗണ്‍ ഹാളിലേക്ക് ജനപ്രവാഹം തുടരുകയാണ്. രാത്രി 12 വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ 12.55ഓടെ കണ്ണൂരിലെ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയസഖാവിന്‍റെ ഭൗതിക ശരീരം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, മന്ത്രിമാരായ വി.എന്‍. വാസവന്‍, എ.കെ. ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരടക്കം വിമാനത്താവളത്തിലെത്തിയിരുന്നു.തുറന്ന വാഹനത്തില്‍ നിരവധി പ്രവര്‍ത്തകരുടെ അടമ്ബടിയോടെയാണ് വിലാപയാത്ര ആരംഭിച്ചത്. നിരവധി വാഹനങ്ങള്‍ വിലാപയാത്രയെ അനുഗമിച്ചു. മട്ടന്നൂര്‍ മുതല്‍ തലശ്ശേരി വരെ 14 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. നൂറുകണക്കിന് പേര്‍ വഴിയോരങ്ങളില്‍ കാത്തുനിന്ന് അന്തിമോപചാരം അര്‍പ്പിച്ചു.തിങ്കളാഴ്ച രാവിലെ 10 മുതല്‍ മാടപ്പീടികയിലെ വീട്ടിലും, 11 മുതല്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ട് മൂന്നിന് പയ്യാമ്ബലത്ത് സംസ്കാരം.

Comments (0)
Add Comment