ശ്രദ്ധനേടി സൗദി സര്‍വകലാശാലകളുടെ പ്രദര്‍ശനം

അറബ് മേഖലയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെ പരിചയപ്പെടുത്തുന്ന 18ാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിലെ സൗദി പവിലിയന്‍ ശ്രദ്ധേയമാകുന്നു.സൗദിയുടെ മുന്നേറ്റത്തിന്‍റെ അടയാളപ്പെടുത്തലായ 11 സര്‍വകലാശാലകളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ‘സൗദിയില്‍ പഠിക്കാം’ എന്ന തലക്കെട്ടിലാണ് പവിലിയന്‍ സജ്ജീകരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്‌ട്ര സൂചികകളിലും റാങ്കിങ്ങിലും സൗദി അറേബ്യ കൈവരിച്ച പുരോഗതി ലോകത്തിന് പരിചയപ്പെടുത്തുകയാണ് പ്രദര്‍ശന ലക്ഷ്യം.മികച്ച രീതിയില്‍ സജ്ജീകരിച്ച പവിലിയനില്‍ സന്ദര്‍ശകര്‍ക്ക് വിവരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ നിരവധി വളന്റിയര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറബ് മേഖലയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളായി തെരഞ്ഞെടുക്കപ്പെട്ട കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി, കിങ് സൗദ് യൂനിവേഴ്സിറ്റി എന്നിവക്കൊപ്പം കിങ് ഖാലിദ് യൂനിവേഴ്സിറ്റി, ജീസാന്‍ യൂനിവേഴ്സിറ്റി, മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി, പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ യൂനിവേഴ്സിറ്റി, സൗദി ഇലക്‌ട്രോണിക് യൂനിവേഴ്സിറ്റി, ഖാസി യൂനിവേഴ്സിറ്റി, ഉമ്മുല്‍ഖുറ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് തബൂഖ്, ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്സിറ്റി എന്നിവയും പ്രദര്‍ശനത്തിനുണ്ട്.അറബ് ലോകത്തെയും വിദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് നിരവധി അവസരങ്ങള്‍ വിവിധ പഠനമേഖലകളില്‍ സൗദി സര്‍വകലാശാലകള്‍ ഒരുക്കിയിട്ടുണ്ട്. ഇത് പരിചയപ്പെടുത്തുന്ന പവിലിയനില്‍ നിരവധി വിദ്യാര്‍ഥികളാണ് വിവരങ്ങള്‍ അറിയാനും സംശയനിവാരണത്തിനുമായി എത്തിച്ചേരുന്നത്. അറബി, ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ചൈനീസ്, ഹിന്ദി, ടര്‍ക്കിഷ്, ഉര്‍ദു, ഹൗസ, മലാവിയന്‍ എന്നിങ്ങനെ ഒമ്ബതു ഭാഷകളില്‍ ‘സ്റ്റഡി ഇന്‍ സൗദി’ വെബ്സൈറ്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സൗദി അടുത്തിടെ ആരംഭിച്ച വിദ്യാഭ്യാസ വിസ നേടുന്നതിനുള്ള വഴികളും പവിലിയനില്‍നിന്ന് ചോദിച്ചറിയുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍കൂടി തുടരുന്ന പ്രദര്‍ശനത്തിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ വരുംദിവസങ്ങളില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് പവിലിയന്‍ സംഘാടകര്‍.

Comments (0)
Add Comment