ഗോവന്‍ വീര്യത്തെ മൂന്നടിയില്‍ തീര്‍ത്ത് ഐഎസ്‌എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്

കൊച്ചിയില്‍ നടന്ന കളിയില്‍ 3–-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ്, ഇവാന്‍ കലിയുഷ്നി എന്നിവരാണ് ലക്ഷ്യം കണ്ടത്. ഗോവയ്ക്കായി നോഹ വെയ്ല്‍ സദൗയി ഒരു ഗോള്‍ മടക്കി.പ്രകടനമികവില്‍ ഇളകിനിന്ന ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാംജയം വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ജയത്തോടെ ഒമ്ബത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാമതെത്തി. മൂന്ന് വീതം ജയവും തോല്‍വിയുമാണ്. ഗോവ നാലാമതാണ്. സീസണിലെ ആറാം മത്സരത്തിനെത്തുമ്ബോഴും ഇവാന്‍ വുകോമനോവിച്ചിന്റെ സംഘത്തിന് ഒത്തിണക്കമില്ലായ്മ വലിയ പ്രശ്നമായിത്തന്നെ നിലനിന്നു. ഗോവയ്ക്കെതിരായ കളിയുടെ ആദ്യനിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. കളി ചലനമറ്റു. പ്രതിരോധച്ചരട് പലപ്പോഴും ഇളകി. പ്രത്യേകിച്ചും ഇടതു പ്രതിരോധത്തില്‍ നിഷുകുമാര്‍ കണ്ണിചേരാതെനിന്നു. ഗോവയുടെ മുന്നേറ്റത്തിന് അവസരങ്ങള്‍ മുതലാക്കാനായില്ല. ചെറിയ പ്രത്യാക്രമണങ്ങളോടെയായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തില്‍ ചുവടുറപ്പിച്ചത്. തുടക്കഘട്ടത്തിലെ ആലസ്യത്തില്‍നിന്ന് പതുക്കെ കരകയറി. രാഹുലും സഹലും ഊര്‍ജമായി. ഇരുവരും ഇരുവശങ്ങളില്‍ മനോഹരമായ ആക്രമണങ്ങള്‍ നെയ്തു.രാഹുല്‍ വേഗംകൊണ്ടും സഹല്‍ നീക്കങ്ങള്‍കൊണ്ടും ഗോവന്‍ പ്രതിരോധത്തെ വലച്ചു. ഒടുവില്‍ ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ ശേഷിക്കെ രാഹുലിന്റെ ഒന്നാന്തരം കുതിപ്പ് ഗോളിലേക്ക് വഴിതുറന്നു. ബോക്സിലേക്കുള്ള ക്രോസ് തട്ടിത്തെറിച്ച്‌ സഹലിലേക്ക്. തെറിച്ചുനിന്ന ഗോവന്‍ പ്രതിരോധത്തിന്റെ വിടവ് നോക്കി സഹല്‍ ലൂണയെ കണ്ടു. കൃത്യം ലൂണയുടെ കാലില്‍ പന്ത്. സ്ഥാനംതെറ്റിനിന്ന ഗോവന്‍ ഗോള്‍ കീപ്പര്‍ ധീരജിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുമുമ്ബ് പന്ത് വലയിലെത്തി. രണ്ടാമത്തെ ഗോളിനും അധികം സമയം വേണ്ടിവന്നില്ല. മൂന്ന് മിനിറ്റിനിടെ രണ്ടാം ഗോളുമെത്തി. ഡയമന്റാകോസിനെ അന്‍വര്‍ അലി ബോക്സില്‍ വീഴ്ത്തിയതിന് പെനല്‍റ്റി. കിക്ക് ഡയമന്റാകോസ് തന്നെ തൊടുത്തു.ആത്മവിശ്വാസം നിറച്ചാണ് ഇടവേളയ്ക്കുശേഷം ബ്ലാസ്റ്റേഴ്സ് കളത്തില്‍ ഇറങ്ങിയത്. അതിന്റെ ഫലം പെട്ടെന്നുകിട്ടി. തുറന്നുകിടന്ന ഗോവന്‍ പ്രതിരോധത്തിലൂടെ ഡയമന്റാകോസിന്റെ മുന്നേറ്റം. പന്ത് ബോക്സിനുമുന്നില്‍വച്ച്‌ കലിയുഷ്നിക്ക് നല്‍കുമ്ബോള്‍ ധീരജ് മാത്രമായിരുന്നു പ്രതിരോധത്തിന്. കലിയുഷ്നിയുടെ വോളിയെ തടുക്കാനുള്ള മിടുക്ക് ധീരജിനുണ്ടായില്ല. ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് മുന്നില്‍.കളിയില്‍ ആധികാരികമായി നീങ്ങുമ്ബോഴും പ്രതിരോധത്തിലെ പാളിച്ചകള്‍ വുകോമനോവിച്ചിന് ആശങ്ക സൃഷ്ടിച്ചു. പലപ്പോഴും ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ സിങ് ഗില്ലിന്റെ മിടുക്കായിരുന്നു അപകടത്തില്‍നിന്ന് രക്ഷിച്ചത്. എന്നാല്‍, ഒരുഘട്ടത്തില്‍ ഗില്ലിനും തടയാനായില്ല. സെറിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് ബോക്സിലേക്ക് പറക്കുമ്ബോള്‍ പ്രതിരോധം ചിതറിനില്‍ക്കുകയായിരുന്നു. അപകടകാരിയായ നോഹ സദൗയിയെ സ്വതന്ത്രനാക്കി വിടുകയും ചെയ്തു. ആരും മാര്‍ക്ക് ചെയ്യാതിരുന്ന സദൗയി എളുപ്പത്തില്‍ പന്ത് തലകൊണ്ട് കുത്തിയിട്ടു. അവസാന നിമിഷങ്ങളില്‍ പന്തില്‍ കൃത്യമായി ആധിപത്യം കാത്ത് ബ്ലാസ്റ്റേഴ്സ് ജയം പൂര്‍ത്തിയാക്കി. പത്തൊമ്ബതിന് എതിര്‍തട്ടകത്തില്‍ ഹൈദരാബാദ് എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Comments (0)
Add Comment