ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി നാല് ദിവസം

ദോഹ: നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് തുടക്കമാവും. ഡിസംബര്‍ 18നാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോൽവിയറിയാതെ കുതിക്കുന്ന സൂപ്പർതാരം ലയണൽ മെസിയുടെ അർജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകൾ. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് കാലിടറുന്ന പതിവ് ഖത്തറില്‍ മാറ്റിയെഴുതപ്പെടുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂർണമെന്‍റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാൻ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്.

Comments (0)
Add Comment