വിശ്വ കിരീടം എന്ന ലക്ഷ്യവുമായി വമ്ബന്‍മാര്‍ ഇന്ന് കളത്തിലിറങ്ങുന്നു

സമീപകാലത്തുണ്ടായ വിമര്‍ശനങ്ങള്‍ക്ക് ബൂട്ട് കൊണ്ട് മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാകും റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗല്‍ ഇറങ്ങുക.അതേസമയം അഞ്ച് തവണ ലോക ചാമ്ബ്യന്‍മാരായിട്ടുള്ള, 15 മത്സരങ്ങളില്‍ അപരാജിത മുന്നേറ്റവുമായാണ് ബ്രസീല്‍ ഇറങ്ങുന്നത്.അഞ്ച് തവണ ചാമ്ബ്യന്മാരായ, കിരീടമുറപ്പിച്ചെത്തിയ ബ്രസീല്‍ സെര്‍ബിയയെയാണ് ആദ്യമത്സരത്തില്‍ നേരിടുന്നത്. സൂപ്പര്‍താരം നെയ്മറിനൊപ്പം റിച്ചാലിസണ്‍, ഗബ്രിയേല്‍ ജീസസ്, വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ്യ, ആന്റണി, ഗബ്രിയേല്‍ മാര്‍ടിനെല്ലി, പെഡ്രോ, റോഡ്രിഗോ തുടങ്ങിയ പ്രതിഭകള്‍ അണിനിരക്കുന്ന ബ്രസീല്‍ നിരയെ പരിശീലിപ്പിക്കുന്നത് ടിറ്റെയാണ്.കാസെമിറോ, ലൂക്കാസ് പക്വേറ്റ എന്നിവര്‍ക്കൊപ്പം യുവതാരം ബ്രൂണോ ഗിമറസും ഒത്തുചേരുന്ന മധ്യനിര ആരെയും വിറപ്പിക്കുന്നതാണ്. പരിചയ സമ്ബന്നരായ തിയാഗോ സില്‍വയും, ഡാനി ആല്‍വസും ഉള്‍പ്പെടുന്ന പ്രതിരോധ നിര മാര്‍ക്വിനിയോസ് കൂടി ചേരുന്നതോടെ ശക്തമാണ്. തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ബ്രസീല്‍ ലോകകപ്പിനെത്തുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം.സൂപ്പര്‍താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തരരായ ഘാനയാണ് ആദ്യ മത്സരത്തില്‍ എതിരാളികള്‍. ഇതിന് മുന്‍പ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. 2014 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോല്‍പിച്ചിരുന്നു. ക്ലബ് ഫുട്‌ബോളില്‍ മാനേജ്മെന്റും കോച്ചുമായുള്ള ഭിന്നതകളെ തുടര്‍ന്ന് തന്റെ പ്രിയ ടീമായ മാഞ്ചസ്റ്റര്‍ വിട്ട റൊണാള്‍ഡോയ്ക്ക് ഇന്ന് അഗ്‌നിപരീക്ഷയാണ്.വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തുന്ന പ്രകടനം തന്നെയാണ് റൊണാള്‍ഡോയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, പെപെ, ജൊവോ കാന്‍സെലോ, റൂബന്‍ ഡയസ് തുടങ്ങിയ ഒരുപിടി പ്രതിഭകളുള്ള ടീമിന് മുന്നോട്ടുള്ള പ്രയാണം അസാധ്യമല്ല.മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്ബ്യന്‍മാരായ യുറുഗ്വേയും ലോകകപ്പില്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് യുറുഗ്വേയുടെ എതിരാളികള്‍. ഇന്നത്തെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെയും നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം.

Comments (0)
Add Comment