തിരുവനന്തപുരം: കാറ്റില്‍ നിന്ന് ചെറിയ ടര്‍ബൈനുകള്‍ വഴി കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ചെറിയ വിന്‍ഡ് ടര്‍ബൈന്‍ വികസിപ്പിച്ച അരുണ്‍ ജോര്‍ജിന് പറയാന്‍ ഉള്ളത് ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദഗ്ധരുടെ പിന്തുണയില്ലാതെ വിജയിക്കാന്‍ കഴിയുന്ന സംരംഭക കഥയാണ്. തനി നാടനാണെങ്കിലും അന്താരാഷ്ട്ര പ്രശസ്തമായ അവാന്‍ ഗാര്‍ ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബലിലെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്നാണ്. തിരുവനന്തപുരം സ്വദേശികളും സഹോദരങ്ങളുമായ അരുണ്‍ ജോര്‍ജും അനൂപ് ജോര്‍ജുമാണ് ഇതിനു പിന്നില്‍.
ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഇവരുടെ പദ്ധതിയുടെ ഉപഭോക്താക്കളില്‍ അമേരിക്കന്‍ സര്‍ക്കാരുമുണ്ടെന്നത് വലിയ നേട്ടമാണ്. അന്‍റാര്‍ട്ടിക്കയും ആസ്ട്രേലിയയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവരുടെ ചെറിയ വിന്‍ഡ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു തവണ ലോകത്തിലെ ഏറ്റവും മികച്ച 20 ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഐക്യരാഷ്ട്രസഭ അവാന്‍ ഗാര്‍ ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതിദിനം ശരാശരി ഒരു വീടിനാവശ്യമായ 3 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇവരുടെ ചെറിയ ടര്‍ബൈനുകള്‍ക്ക് കഴിയും. മറ്റ് രാജ്യങ്ങളില്‍ 2ലക്ഷം രൂപ വില വരുന്ന ചെറിയ വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് ഇവര്‍ ഈടാക്കുന്നത് 80,000 രൂപ മാത്രമാണ്. 25 വര്‍ഷം കേടുപാടില്ലാതെ ഉപയോഗിക്കാനാകുന്ന ടര്‍ബൈനായി ആദ്യം ചെലവാക്കുന്ന തുകയുടെ മൂന്നു മുതല്‍ അഞ്ചിരട്ടി വരെ 25 വര്‍ഷം കഴിയുമ്പോള്‍ തിരിച്ചു കിട്ടുമെന്ന് അരുണ്‍ പറയുന്നു. മാത്രവുമല്ല ഏതൊരു കാലാവസ്ഥയിലും ഇവരുടെ ചെറിയ ടര്‍ബൈനുകള്‍ക്ക് പ്രവര്‍ത്തിക്കാനുമാകും. ചുഴലിക്കാറ്റും കൊടുംചൂടും അതിശൈത്യവും വെള്ളപ്പൊക്കവുമൊന്നും ഇതിനെ ബാധിക്കില്ലെന്നതിന് ഇന്ത്യയിലെ പലഭാഗത്തും പല കാലാവസ്ഥയിലും സ്ഥാപിച്ചിട്ടുള്ള ടര്‍ബൈനുകള്‍ തെളിവാണ്. 25 ലധികം സ്മോള്‍ വിന്‍ഡ് ടര്‍ബൈന്‍ കമ്പനികള്‍ നിലവില്‍ അമേരിക്കന്‍ സര്‍ക്കാറിനു കീഴിലുണ്ടായിട്ടും ഞങ്ങളുടേതാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് പറയാന്‍ അഭിമാനമുണ്ട്-അരുണ്‍ പറയുന്നു.
കഴിഞ്ഞ കൊല്ലം ലഡാക്കില്‍ 11000 ഫീറ്റ് ഉയരത്തില്‍ -30 ഡിഗ്രി സെന്‍റിഗ്രേഡ് തണുപ്പില്‍ ഇവരുടെ വിന്‍ഡ് ടര്‍ബൈന്‍ ഇന്ത്യന്‍ സേന സ്ഥാപിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വിന്‍ഡ് ടര്‍ബൈനുകളിലൊന്നാണിത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ചെറിയ വിന്‍ഡ് ടര്‍ബൈന്‍ ജനുവരിയില്‍ സിക്കിമിലെ ഇന്ത്യ- ചൈന ബോര്‍ഡറില്‍ 16,000 ഫീറ്റ് ഉയരത്തില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ സേന.
എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുമെന്നതും സ്ഥലപരിമിതി പ്രശ്മമാവില്ലെന്നതും തൊഴില്‍ച്ചെലവ്, വൃത്തിയാക്കല്‍ച്ചെലവ് എന്നിവ കുറവാണെന്നതും വെള്ളത്തിന്‍റെ ഉപയോഗമില്ലാത്ത ഊര്‍ജരൂപം എന്നതുമൊക്കെ ഇതിനെ വേറിട്ടതാക്കുന്നു. അനര്‍ട്ടിന്‍റെ പഠനറിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ 2000 ത്തില്‍ കൂടുതല്‍ മെഗാവാട്ട് കപ്പാസിറ്റി വൈദ്യുതി വിന്‍ഡ് ടര്‍ബൈനുകളിലൂടെ ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ അതിന്‍റെ മൂന്ന് ശതമാനം സാധ്യത പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. സോളാര്‍ പ്ലാന്‍റിനു സബ്സിഡി കൊടുക്കുന്നത് പോലെ വിന്‍ഡ് ടര്‍ബൈനുകള്‍ക്കും സബ്സിഡി നല്കാന്‍ സര്‍ക്കാരിനാകണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനായി മാറ്റപ്പെടേണ്ടതുണ്ട്- അരുണ്‍ പറയുന്നു.
പരേതനായ കോവളം മുന്‍ എം എല്‍ എ ജോര്‍ജ് മേഴ്സിയറിന്‍റേയും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായിരുന്ന പ്രസന്നകുമാരിയുടേയും മക്കളാണ് ഇരുവരും. ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സര്‍വകലാശാലയില്‍ നിന്ന് എം ബി എ യും ഡിസ്പ്യൂട്ട് റെസല്യൂഷന്‍ ആന്‍ഡ് കോണ്‍ഫ്ളിക്സ് മാനേജ്മെന്‍റില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട് അരുണ്‍ ജോര്‍ജ്.